2 ലക്ഷം ജ്വല്ലറിപ്പണവുമായി പർദ്ദധാരിണി കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിൽ

സിസിടിവി ദൃശ്യങ്ങളിൽ വെള്ള ഡിസെയർ കാർ കണ്ടെത്തി ∙ ചെറുവത്തൂരിൽ കണ്ടെത്തിയ ഡിസെയർ കാറും അർബൻ ബാങ്കിനു മുന്നിൽ കണ്ടെത്തിയ കാറും ഒന്നു തന്നെ ∙ യുവതിയോടൊപ്പമെത്തിയ ആൺകുട്ടി നടന്നുപോയത് ഇഖ്ബാൽ റോഡ് ജംഗ്ഷനിലേക്ക്

കാഞ്ഞങ്ങാട്: ചെറുവത്തൂർ ബസ്്സ്റ്റാന്റ് പരിസരത്തുള്ള എസ്ആർ ഗോൾഡ് ജ്വല്ലറിയുടെ രണ്ടു ലക്ഷം രൂപ അതിവിദഗ്ധമായി തട്ടിയെടുത്ത അജ്ഞാത പർദ്ദധാരിണി കടന്നുകളഞ്ഞത് വെള്ളമാരുതി സ്വിഫ്റ്റ് കാറിൽ. ഫിബ്രവരി 15-ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടടുത്ത് അജാനൂർ തെക്കേപ്പുറം ജുമാഅത്ത് പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന അർബ്ബൻ ബാങ്കിന്റെ മുന്നിൽ വന്നു നിന്ന സ്വിഫ്റ്റ് ഡിസയർ കാറിലാണ് പർദ്ദ കൊണ്ട് ദേഹം മുഴുവൻ മൂടിയ മുപ്പതിന് താഴെ പ്രായമുള്ള വെളുത്ത യുവതി രക്ഷപ്പെട്ടത്.

യുതിയോടൊപ്പം പന്ത്രണ്ടു വയസ്സ് പ്രായമുള്ള ആൺകുട്ടിയുമുണ്ടായിരുന്നു. ചെറുവത്തൂർ എസ്ആർ ജ്വല്ലറിയുടമ മഹാരാഷ്ട്ര സാംഗ്ളി ജില്ലക്കാരനായ സഞ്ജയന്റെ ജ്വല്ലറിയിൽ യുവതിയും, കുട്ടിയുമെത്തിയത് സംഭവദിവസം ഉച്ചയ്ക്ക് 3 മണിക്കാണെന്ന് ഈ ജ്വല്ലറിയിലെ സീസി ടിവി ക്യാമറാ ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 3-10 മണിക്ക് ചെറുവത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ മനോജിനെ വിളിച്ച് 2 ലക്ഷം രൂപ റൊക്കം പണം ഏൽപ്പിച്ച ജ്വല്ലറിയുടമ സഞ്ജയ് യുവതിയോടൊപ്പം ഓട്ടോയിൽച്ചെന്ന് കാഞ്ഞങ്ങാട്ടെ അർബൻ ബാങ്കിൽ യുവതി പണയപ്പെടുത്തിയ സ്വർണ്ണാഭരണങ്ങൾ തിരിച്ചെടുത്ത് കൊണ്ടുവരാൻ ഏൽപ്പിക്കുകയായിരുന്നു.

കണ്ണുകൾ മാത്രം പുറത്തു കാണും വിധം മറ്റ് ശരീരഭാഗങ്ങൾ പൂർണ്ണമായും കറുത്ത പർദ്ദ കൊണ്ട് മൂടിയിരുന്ന യുവതിയോടും ആൺകുട്ടിയോടുമൊപ്പം മനോജ് ഉടൻ സ്വന്തം ഓട്ടോയിൽ കാഞ്ഞങ്ങാട്ടേക്ക് പുറപ്പെടുകയായിരുന്നു. 3-30 മണിക്ക് അർബ്ബൻ ബാങ്കിന്റെ ഇടപാട് സമയം അവസാനിക്കാൻ 30 മിനിറ്റുകൾ ബാക്കിയിരിക്കെ മൂന്നു പേരും ബാങ്കിലെത്തി. യുവതി ബാങ്ക് ജീവനക്കാരനോട് എന്തോ പറയുന്നതും ഉടൻ മനോജിന്റെ അടുത്തെത്തി കടലാസ്സിൽ പൊതിഞ്ഞ നോട്ടുകെട്ടുകൾ വാങ്ങുന്ന രംഗവും അർബൻ ബാങ്കിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നോട്ടുകെട്ട് തോളത്തുവെച്ച യുവതി ബാങ്കിനകത്തു നിന്ന് 4 തവണ ആർക്കോ ഫോൺ ചെയ്യുന്നുണ്ട്. പണം അൽപ്പം കുറവുണ്ടെന്ന് യുവതി മനോജിനോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരാൾ വിളിക്കുന്നുവെന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞ യുവതി പെട്ടെന്ന് ബാങ്കിൽ നിന്ന് പുറത്തിറങ്ങി വരാന്തയിൽ നിൽക്കുന്നുണ്ട്. തൽസമയം ബാങ്കിന് മുന്നിൽ വന്നു നിന്ന കാറിനടുത്തുത്തെത്തിയ യുവതി സ്വിഫ്റ്റ്കാറിന്റെ മുൻസീറ്റിൽ കയറുകയും ഈ കാർ ശരവേഗത്തിൽ ചിത്താരി ഭാഗത്തേക്ക് ഓടിച്ചു പോവുകയും ചെയ്തു. ആൺകുട്ടി ജ്വല്ലറിയിൽ നിന്നിറങ്ങി ഇഖ്ബാൽ ജംഗ്ഷൻ വരെ നടന്നു പോകുന്ന ദൃശ്യവും വിവിധ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കാർ ബാങ്കിന് മുന്നിലെത്തിയത് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നാണ്.  എസ്ആർ ഗോൾഡുടമ സഞ്ജയ് കഴിഞ്ഞ കാൽനൂറ്റാണ്ടായി ചെറുവത്തൂരിൽ സ്വർണ്ണമിടപാടും ജ്വല്ലറിയും നടത്തി വരികയാണ്. 20 വർഷമായി എസ്ആർ ജ്വല്ലറി ചെറുവത്തൂരിലുണ്ട്.

LatestDaily

Read Previous

നഗരബജറ്റിനെതിരെ രൂക്ഷ വിമർശനവും ബഹളവും കൗൺസിൽ യോഗത്തിൽ യുഡിഎഫ് ഇറങ്ങിപ്പോയി, ബിജെപി അനുകൂലിച്ചു

Read Next

ബ്ലേഡ് സുനിലിന് കൗൺസിലറുടെ സംരക്ഷണം