ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വിഷുദിനത്തിൽ രണ്ടുപേർ പുഴയിൽ മുങ്ങി മരിച്ച സംഭവം മലയോരത്തെ നടുക്കി. ഇന്നലെ പകൽ 12 മണിയോടെയാണ് പുഴയിൽ മീൻ പിടിക്കാനിറങ്ങിയ രണ്ട് യുവാക്കൾ വെസ്റ്റ് എളേരി പരപ്പച്ചാലിൽ പുഴയിൽ മുങ്ങി മരിച്ചത്. വെസ്റ്റ് എളേരി കാവുന്തലയിലെ ജ്യേഷ്ഠാനുജൻമാരുടെ മക്കളാണ് ഇന്നലെ ചൈത്രവാഹിനിപ്പുഴയിൽ മുങ്ങി മരിച്ചത്.
മുക്കടയിലെ കുടുംബസുഹൃത്തിന്റെ വീട്ടിൽ വിഷു ആഘോഷിക്കാനെത്തിയതായിരുന്നു ഇരുവരും. കാവുന്തലയിലെ ശ്രാകത്തിൽ റെജിയുടെ മകൻ ആൽബിൻ റെജി 15, റെജിയുടെ സഹോദരൻ തോമസിന്റെ മകൻ ബ്ലെസൻ തോമസ് 20, എന്നിവരാണ് ഇന്നലെ പകൽ 12 മണിയോടെ പരപ്പച്ചാലിൽ പാലത്തിന് സമീപം പുഴയിൽ മുങ്ങിമരിച്ചത്.
പുഴയിൽ വേലിയേറ്റ സമയത്ത് മീൻ പിടിക്കാനിറങ്ങിയ യുവാക്കൾ ആഴമുള്ള ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, രക്ഷാശ്രമം നിഷ്ഫലമായി. 12 മണിയോടെ പുഴയിൽ മുങ്ങിത്താഴ്ന്ന ഇരുവരെയും 1 മണിയോടെയാണ് കരയ്ക്കെടുക്കാനായത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കരയ്ക്കെടുത്തത്.
ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വേലിയേറ്റ സമയമായതിനാൽ പുഴയിൽ നല്ല വെള്ളമുണ്ടായിരുന്നതും, രക്ഷാപ്രവർത്തനത്തിന് തടസ്സമായി. മൃതദേഹങ്ങൾ നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.