ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ച ശേഷം രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ത്രിപുരയിൽ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തതിന് ബിജെപിക്കും, കോൺഗ്രസിനും, സിപിഎമ്മിനും കമ്മിഷൻ നോട്ടീസ് അയച്ചു. നിശബ്ദ പ്രചാരണ വേളയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും ബാധകമാണെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.
തിരഞ്ഞെടുപ്പിന്‍റെ തലേന്നും വോട്ടെടുപ്പ് ദിനത്തിലും പാർട്ടികളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് വോട്ട് അഭ്യർത്ഥിച്ച് ഇട്ട പോസ്റ്റുകൾക്കാണ് കമ്മിഷൻ നോട്ടീസ് നൽകിയത്. ബി.ജെ.പിക്ക് രണ്ട് നോട്ടീസും കോൺഗ്രസിനും സി.പി.എമ്മിനും ഓരോ നോട്ടീസുമാണ് കമ്മിഷൻ അയച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 (1) (ബി) ലംഘിച്ചുവെന്നാരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചിനകം വിശദീകരണം നൽകണമെന്നും തിരുത്തൽ നടപടി സ്വീകരിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 (1) (ബി) പ്രകാരം എല്ലാത്തരം പരസ്യപ്രചാരണങ്ങളും വോട്ടെടുപ്പ് തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് അവസാനിച്ചിരിക്കണം. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാം. ഇതാദ്യമായാണ് നിശബ്ദ പ്രചാരണത്തിനിടെയുള്ള ട്വീറ്റുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കുന്നത്.