ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസും ബിജെപിയും. ഇടതുപക്ഷവുമായുള്ള ധാരണ പ്രകാരം 13 സീറ്റുകളാണ് ലഭിച്ചതെങ്കിലും 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. 60 അംഗ നിയമസഭയിലേക്കുള്ള 48 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപിയും പുറത്തിറക്കി.

ധാരണ പ്രകാരമുള്ള 13 സീറ്റുകൾക്ക് പുറമേ, ബാർജാല, മജലിശ്പുർ, ബാധാർഘട്ട്, ആർ.കെ. പുർ എന്നീ മണ്ഡലങ്ങളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മാണിക് സാഹയ്ക്കെതിരെ മുൻ ബിജെപി എംഎൽഎയെയാണ് കോൺഗ്രസ്സ് മത്സരിപ്പിക്കുന്നത്. ആശിഷ് കുമാർ സാഹ ബർദോവാലി നിയോജക മണ്ഡലത്തിൽ നിന്ന് മാണിക് സാഹയെ നേരിടും. കോൺഗ്രസിന്‍റെ ഏക സിറ്റിംഗ് എംഎൽഎ സുദീപ് റോയ് ബർമൻ അഗർത്തലയിൽ നിന്ന് മത്സരിക്കും.

സംവരണ മണ്ഡലമായ ബാധാർഘട്ട് കോൺഗ്രസ്-ഇടത് സഖ്യത്തിന്‍റെ ധാരണ പ്രകാരമാണ് ഫോർവേഡ് ബ്ലോക്കിന് അനുവദിച്ചത്. ഏറെക്കാലമായി കോൺഗ്രസ് ജയിച്ചുവരുന്ന മണ്ഡലമാണിത്. കോൺഗ്രസ്, ബിജെപി, ഫോർവേഡ് ബ്ലോക്ക് പാർട്ടികൾ ഒരേ കുടുംബത്തിൽ നിന്നുള്ളവരെയാണ് മണ്ഡലത്തിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി മിനാ സർക്കാരിന്റെ സഹോദരൻ രാജ്കുമാർ സർക്കാരാണ് ഇവിടെ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. അനന്തരവൻ പാർഥ പ്രതിം സർക്കാരാണ് ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥി.

കഴിഞ്ഞ ദിവസം സി.പി.എം. വിട്ട് ബി.ജെ.പിയില്‍ വന്ന മൊബഷര്‍ അലിയടക്കമുള്ളവരെ ഉള്‍പ്പെടുത്തി കൊണ്ടാണ് ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി. പുറത്തുവിട്ടത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരില്‍ ആണ് മത്സരിക്കുന്നത്.

K editor

Read Previous

ഓർഡർ ചെയ്തത് സാനിറ്ററി പാഡ്; ഒപ്പം ചോക്ലേറ്റ് മിഠായിയും നൽകി സ്വിഗ്ഗി

Read Next

ഭാരത് ജോഡോ; രാഹുലിനൊപ്പം പങ്കുചേർന്ന് മെഹബൂബ മുഫ്തിയും