ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ : നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും യുഡിഎഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയോഗം വിളിക്കുകയോ കണക്കവതരിപ്പിക്കുകയോ ചെയ്യാത്ത നടപടി അണികൾക്കിടയിൽ ചർച്ചാ വിഷയമാകുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കമ്മിറ്റി പിരിച്ചുവിടേണ്ടതായിരുന്നെങ്കിലും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പോലും നടന്നില്ല. തൃക്കരിപ്പൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം. പി. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി അഡ്വ. എം. ടി. പി. കരീം ചെയർമാനും, ബ്ലോക്ക് കോൺഗ്രസ് നേതാവ് ശ്രീധരൻ കൺവീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 65 ലക്ഷം രൂപയോളമാണ് യുഡിഎഫ് സ്ഥാനാർത്ഥി എം.പി. ജോസഫ് സ്വന്തം കയ്യിൽ നിന്നും ചെലവിട്ടത്. ചെലവായ തുകയുടെ വ്യക്തമായ കണക്കുകൾ അവതരിപ്പിക്കാതെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഒഴിഞ്ഞുമാറുന്നതായാണ് ആരോപണം. തൃക്കരിപ്പൂർ വിജയ സാധ്യതയുള്ള സീറ്റാണെന്ന് ധരിച്ചാണ് കെ. എം. മാണിയുടെ മരുമകനും, റിട്ടയേഡ് ഐഏഎസ് ഉദ്യോഗസ്ഥനുമായ എം. പി. ജോസഫ് തൃക്കരിപ്പൂരിലേക്ക് വണ്ടി കയറിയത്.
തൃ-ക്കരിപ്പൂരിൽ വിജയസാധ്യതയുണ്ടെന്ന യുഡിഎഫ് വിലയിരുത്തലും അദ്ദേഹത്തിന് പ്രചോദനമായി. സ്വന്തം കയ്യിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ചാണ് എം. പി. ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തിയത്. മണ്ഡലത്തിൽ തീർത്തും അപരിചിതനായ അദ്ദേഹത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി എം. രാജഗോപാലന് മുന്നിൽ പിടിച്ചു നിൽക്കാനും കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കണക്കുകൾ അവതരിപ്പിക്കുകയോ കമ്മിറ്റി പിരിച്ചു വിടുകയോ ചെയ്തിട്ടില്ല.
അതിനിടെ, തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയെ ലീഗ് ചിലയിടങ്ങളിൽ കാല് വാരിയതായും കോൺഗ്രസ്സിലെ ഒരു വിഭാഗം പരാതിപ്പെടുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗപ്രകാരം ജില്ലയിലെത്തിയ ഡോ. എം. എസ്. ദിലീപ് കുമാർ, അജയ് തറയിൽ എന്നിവർക്ക് മുന്നിൽ ഈ വിഷയവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂരിലെ തെരഞ്ഞെടുപ്പ് കണക്കുകൾ അവതരിപ്പിക്കാത്ത വിഷയവും കെപിസിസി അന്വേഷണക്കമ്മീഷനെ അറിയിച്ചിട്ടുണ്ട്.