തൃക്കരിപ്പൂർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാടകീയ സംഭവങ്ങൾ: വി. കെ. ബാവയെ തടഞ്ഞുവെച്ചു ഉടുമ്പുന്തലയിൽ ലീഗ് കൊടിമരത്തിൽ കരിങ്കൊടി

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി.  പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട സത്താർ വടക്കുമ്പാടിന് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് ലീഗ് ജില്ലാ നേതാവായ വി. കെ. ബാവ അനുകൂലികളും ബന്ധുക്കളും ചേർന്ന് ബാവയെ വീട്ടിനുള്ളിൽ തടഞ്ഞുവെച്ചു. ഒടുവിൽ ചന്തേര പോലീസെത്തിയാണ് വി. കെ. ബാവയെ പഞ്ചായത്ത് ഓഫീസിലെത്തിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തൃക്കരിപ്പൂരിൽ ലീഗിനകത്ത് തർക്കമുണ്ടായിരുന്നു. സത്താർ വടക്കുമ്പാടിനെ അനുകൂലിക്കുന്നവരും വി. കെ. ബാവയെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു തർക്കം. ലീഗ് ജില്ലാ നേതൃത്വം ഇടപെട്ടാണ് സത്താർ വടക്കുമ്പാടിന് 2 വർഷവും, വി. കെ. ബാവയ്ക്ക് 3 വർഷം പഞ്ചായത്ത് പ്രസിഡന്റ് പദവി പകുത്ത് നല്കിയത്. ഇന്ന് രാവിലെ 11 മണിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വി. കെ. ബാവയുടെ ബന്ധുക്കളും അനുയായികളും ചേർന്ന് ബാവയെ വീട്ടിൽ തടഞ്ഞുവെച്ചത്. ബാവ സത്താർ വടക്കുമ്പാടിന് വോട്ട് ചെയ്യരുതെന്നായിരുന്നു ബന്ധുക്കളുടെയും അണികളുടെയും ആവവശ്യം.ഏറെ നേരം നീണ്ടു നിന്ന ആശയക്കുഴപ്പങ്ങൾക്ക് ശേഷമാണ് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

മുസ്്ലീം ലീഗിലെ സത്താർ വടക്കുമ്പാടാണ് പ്രസിഡന്റ്. ലീഗ് ജില്ലാക്കമ്മിറ്റിയെടുത്ത തീരുമാന പ്രകാരം ഇദ്ദേഹം 2 വർഷം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ തുടരും. സത്താർ വടക്കുമ്പാടിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെ ഉടുമ്പുന്തലയിലെ ലീഗ് ഓഫീസിന് മുന്നിലെ കൊടിമരത്തിൽ എതിർ വിഭാഗം കരിങ്കൊടി കെട്ടി. വനിതാ ലീഗിന്റെ ഉടുമ്പുന്തല വാർഡ് പ്രസിഡന്റ് എം. കെ. മറിയുമ്മ തൽസ്ഥാനം രാജിവെച്ചാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

LatestDaily

Read Previous

നഗരം ഗതാഗത കുരുക്കിൽ

Read Next

സിപിഎം നഗരസഭാധ്യക്ഷയ്ക്ക് വോട്ട് മറിച്ച പാർട്ടി വനിതാ കൗൺസിൽ അംഗങ്ങൾ രാജി വെക്കണം: ലീഗ്