തൃക്കരിപ്പൂർ ജെംസ് സ്കൂൾ വിൽപ്പന: ജില്ലാ പോലീസ് മേധാവിക്ക് പരാതി

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണിയനോടിയിലെ ജെംസ് സ്കൂൾ സ്വകാര്യ ട്രസ്റ്റിന് മറിച്ചുവിറ്റ ഇടപാട് നിലനിൽക്കില്ലെന്ന് പ്രമുഖ അഭിഭാഷകനും, മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. സി. ഷുക്കൂർ അഭിപ്രായപ്പെട്ടു. 2013-ലെ വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കൾ ആർക്കും കൈമാറ്റം ചെയ്യാനാകില്ലെന്നും ജെംസ് സ്കൂൾ വിൽപ്പന ഇടപാടിൽ നൂറുശതമാനം കൃത്രിമം നടന്നിട്ടുണ്ടെന്നും സി. ഷുക്കൂർ അഭിപ്രായപ്പെട്ടു. ജെംസ് ഭൂമി കൈമാറ്റ ഇടപാടിൽ ഇദ്ദേഹവും വഖഫ് ബോർഡിന് പരാതി കൊടുത്തിട്ടുണ്ട്. ജെംസ് ഭൂമി കൈമാറ്റ വിഷയം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാൻ സി. ഷുക്കൂർ നാളെ കാസർകോട് പത്ര സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. വഖഫ് സ്വത്ത് വിൽപ്പന നടത്തുന്നതും വാങ്ങുന്നതും ക്രിമിനൽ കുറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജെംസ് സ്കൂൾ വിൽപ്പനക്കെതിരെ സ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഈ വിഷയത്തിൽ കെ. ഷിഹാബുദ്ദീൻ എന്നയാളാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തത്.  വഖഫ് സ്വത്ത് 6 കോടിയുടെ മൂല്യം കുറച്ച് 30 ലക്ഷത്തിന് ആധാരം റജിസ്റ്റർ ചെയ്തതിനെതിരെ ജില്ലാ റജിസ്ട്രാർക്ക് പരാതി ലഭിച്ചിട്ടുണ്ട്. വഖഫ് ഭൂമി വിൽപ്പന നടത്തിയ സംഭവത്തിൽ മൂന്നംഗ അന്വേഷണക്കമ്മീഷൻ അന്വേഷണമാരംഭിച്ചു. ഭൂമി കൈമാറ്റ വിഷയത്തിൽ ലീഗിനുള്ളിൽ തന്നെ ഭിന്നത തലപൊക്കിയിട്ടുണ്ട്. അതിനിടെ, ഭൂമിതട്ടിപ്പ് വിഷയത്തിൽ വിശദീകരണം നൽകാൻ ഇന്നലെ എം.സി. ഖമറുദ്ദീൻ അടക്കമുള്ള ലീഗ് നേതാക്കൾ തൃക്കരിപ്പൂർ പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു.

ഭൂമി ഇടപാട് വിഷയത്തിൽ ലീഗിനകത്ത് തന്നെയുള്ള ഭിന്നത മറനീക്കി പുറത്ത് വന്നതോടെയാണ് അവസാന നിമിഷം പത്രസമ്മേളനം ഉപേക്ഷിച്ചത്. ഫാഷൻ ഗോൾഡ് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക തട്ടിപ്പ് വിവാദത്തിന് പുറമെയാണ് മഞ്ചേശ്വരം എംഎൽഏ, എം.സി. ഖമറുദ്ദീനെതിരെ പുതിയ ആരോപണം. തൃക്കരിപ്പൂരിൽ കോളേജ് നിർമ്മിക്കാനായി  രൂപീകരിച്ച തൃക്കരിപ്പൂർ എജ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ഇതിന് വേണ്ടി സമ്പന്നരിൽ നിന്ന് പണം പിരിച്ചതായും ആരോപണമുണ്ട്. അന്തരിച്ച ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി ട്രസ്റ്റിന് വൻതുക സംഭാവനയായി നൽകിയിരുന്നതായും വിവരമുണ്ട്. വഖഫിന്റെ സ്വത്ത് അല്ലാഹുവിന്റെ സ്വത്താണെന്നും, അത് കച്ചവടം നടത്താൻ ആർക്കും അധികാരമില്ലെന്നുമാണ് എസ്.കെ.എസ്.എഫിന്റെ നിലപാട്.

LatestDaily

Read Previous

വഖഫ് ഭൂമി തട്ടിയെടുത്ത എം എൽ ഏക്കെതിരെ കേസെടുത്തേക്കും

Read Next

ഹോട്ടലും കാന്റീനുകളും പഴയ പടി