തൃക്കരിപ്പൂരിൽ വികസന നേട്ടം എണ്ണിപ്പറഞ്ഞ് രാജഗോപാലൻ ഒരു കൈ നോക്കാനൊരുങ്ങി മാണിയുടെ മരുമകൻ

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ബഹുദൂരം മുന്നോട്ട് പോയ ഇടതുമുന്നണി സ്ഥാനാർത്ഥി എം. രാജഗോപാലൻ അഞ്ചുവർഷം നടപ്പാക്കിയ വികസന പദ്ധതികളുടെ ആത്മവിശ്വാസം തുടിക്കുന്ന ശരീരഭാഷയുമായാണ് രാജഗോപാലൻ പൊതുയോഗങ്ങളിൽ സംസാരിക്കുന്നത്.  ആരോപണ പ്രത്യാരോപണങ്ങളുടെ പതിവുശൈലികളിൽ നിന്ന് മാറി അഞ്ചുവർഷത്തെ കണക്കുകളാണ് പൊതുയോഗങ്ങളിൽ മുഴങ്ങി കേൾക്കുന്നത്.

കേരളാ കോൺഗ്രസിലെ അതികായൻ അന്തരിച്ച കെ.എം. മാണിയുടെ മരുമകൻ ഐ.എ.എസുകാരനായ എം.പി. ജോസഫ് മണ്ഡലത്തിൽ വൈകിയെത്തിയാണ് യു.ഡി.എഫ് സ്ഥാനാർഥിയായത്. ജോസഫ് വിഭാഗത്തിന്റെ പ്രതിനിധി എന്നനിലയിൽ അദ്ദേഹം തൃക്കരിപ്പൂരിൽ എത്തിയതുമുതൽ സ്ഥാനാർഥിയെ പരിചയപ്പെടുത്താൻ മണ്ഡലത്തിലിറങ്ങി. മൂന്നാം തവണയാണ് കേരളം കോൺഗ്രസ് പ്രതിനിധി തൃക്കരിപ്പൂരിൽ മത്സരിക്കാനെത്തുന്നത്. നേരത്തെ പി.ടി.ജോസും (1977) കെ.ടി.മത്തായിയുമാണ് (1982) മണ്ഡലത്തിൽ മത്സരിക്കാനെത്തിയ കേരളാ കോൺഗ്രസ് പ്രമുഖർ.

ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് ജോസഫിന് അനുവദിച്ചുകിട്ടിയ ചിഹ്നം. ബാലറ്റിൽ അച്ചടിച്ചുവന്നപ്പോൾ ചെറുതായിപ്പോയി എന്നും യു.ഡി.എഫിന് പരാതിയുണ്ട്. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മുഖാമുഖത്തോടെ സ്ഥാനാർഥി ഉഷാറായി.  തൃക്കരിപ്പൂരിലെ തീരദേശമേഖല അനുഭവിക്കുന്ന കുടിവെള്ള ക്ഷാമവും ഉയർന്ന തസ്തികകളിൽ മണ്ഢലത്തിലെ ഉദ്യോഗാർഥികൾ ചെന്നെത്താത്തത് സംബന്ധിച്ചും ജോസഫ് പൊതുയോഗങ്ങളിൽ ഊന്നി.

പ്രദേശത്തെ ചെറുപ്പക്കാർക്കായി സിവിൽസർവീസ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് വാഗ്ദാനം. വിനോദസഞ്ചാരമേഖലയിലെ സാധ്യതകൾ ഇനിയും മണ്ഡലം വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ജോസഫ് പറയുന്നു. ജോസഫിന്റെ ഭാര്യ സാലിയും വോട്ടുപിടുത്തതിൽ സഹായിക്കാനുണ്ട്. ഓശാന തിരുനാൾ കൂടാൻ നീലേശ്വരം സെന്റ് പീറ്റേഴ്സ് ചർച്ചിലേക്കാണ് അവർ ആദ്യം പോയത്. മുമ്പ് മാണിക്ക് വേണ്ടിയും സാലി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്.  നടക്കാവ് കോളനിയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരോടൊപ്പം ലഘുലേഖ വിതരണം ചെയ്യാനും സാലി ആവേശത്തോടെ നയിച്ചു. അതേസമയം, പൊരിവെയിലിൽ വാടാതെ ചീമേനിയിലെ സ്വീകരണകേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു സ്ഥാനാർഥി.

സൈബർ പാർക്ക് യാഥാർഥ്യമാകാത്തത് ഇടതുസർക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപണം. ഇവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ആത്മഗതം. രാവിലെ തിമിരിയിൽ ആരംഭിച്ച പര്യടനം പത്തുകേന്ദ്രങ്ങൾ പിന്നിട്ട് വലിയപൊയിലിൽ അവസാനിക്കുമ്പോൾ നേരമിരുട്ടി.  ചന്തേര കുനുത്തൂരിൽ രണ്ടാംഘട്ട പര്യടനം നടത്തുകയാണ് രാജഗോപാലൻ. സ്വീകരണകേന്ദ്രങ്ങളിൽ ധാരാളം കുട്ടികളും എത്തുന്നുണ്ട്. പൂക്കളും ബൊക്കെയും നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിക്കുന്നത്. പടമെടുക്കാൻ ക്ഷമയോടെ നിന്നുകൊടുക്കുന്നു.

ഓരോ പ്രദേശത്തും സ്വീകരണ യോഗങ്ങൾ നടക്കുമ്പോൾ അഞ്ചുവർഷം കൊണ്ട് ആ പ്രദേശത്ത് നടപ്പാക്കിയ പദ്ധതികൾക്ക് ഊന്നൽ നൽകുന്നു. ഇനിയും ചിലകാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ടാണ് പാർട്ടി വീണ്ടും തന്നെ ചുമതല ഏൽപ്പിച്ചതെന്നും പാർട്ടികേന്ദ്രങ്ങളിൽ പറഞ്ഞുവെക്കുന്നു.  നേട്ടങ്ങളുടെ മേൻമ പറഞ്ഞ് മണ്ഡലം നിലനിർത്താനാവുമെന്ന പ്രതീക്ഷയിൽ രാജാഗോപാലൻ മുന്നേറുമ്പോൾ പിടിച്ചെടുക്കുമെന്ന വാശിയിലാണ് എം.പി. ജോസഫ്.

LatestDaily

Read Previous

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നു

Read Next

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 14 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു രണ്ട് കാസർകോട് സ്വദേശികളെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു