മണപ്പുറത്തെ ബലിത്തറകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലേലം ചെയ്യാം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ആലുവ ശിവരാത്രി മണപ്പുറത്തെ ബലിതർപ്പണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലേലം ചെയ്യുന്നത് തുടരാമെന്ന് സുപ്രീം കോടതി. ബലിത്തറകള്‍ പൂജാരിമാർക്കും ശാന്തിക്കാർക്കും ലേലത്തിലൂടെ നല്‍കുന്നത് ആചാരങ്ങൾക്ക് എതിരാണെന്ന വാദം സുപ്രീം കോടതി തള്ളി. ബലിത്തറകള്‍ ലേലം ചെയ്യുന്നത് ദേവസ്വം ബോർഡുകൾക്ക് വരുമാനമുണ്ടാക്കാനുള്ള മാർഗം കൂടിയാണെന്നും സുപ്രീം കോടതി പറഞ്ഞു.

ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ ലേലം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ കേരള ഹൈക്കോടതി ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. വിധി ചോദ്യം ചെയ്ത് ആര്‍ച്ചക് പുരോഹിത് സഭ ആലുവ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണ വാധ്യാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ആലുവ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട പൗരാണികവും, ആചാരപരവുമായതാണ് ബലിയര്‍പ്പിക്കലെന്നാണ് ആര്‍ച്ചക് പുരോഹിത് സഭയുടെ വാദം. ലേലത്തിനു പകരം നറുക്കെടുപ്പിലൂടെ ശാന്തിമാർക്കും പുരോഹിതർക്കും ബലിത്തറ കൈമാറണമെന്നാണ് സഭയുടെ ആവശ്യം. എന്നാൽ ജസ്റ്റിസുമാരായ അബ്ദുൾ നസീർ, ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ബലിതർപ്പണങ്ങളുടെ ലേലത്തിൽ നിയമവിരുദ്ധതയും ആചാരവിരുദ്ധതയും ഇല്ലെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

K editor

Read Previous

‘ക്രിമിനല്‍ വാഹന’ങ്ങള്‍ക്കും വധശിക്ഷ: പൊളിച്ച് നീക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു

Read Next

ബിഹാറിൽ നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന: അടിയന്തരയോഗം വിളിച്ച് ജെ.ഡി.യു.