തൃക്കാക്കര കൂട്ടബലാത്സംഗം; സി ഐ സുനുവിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനുവിന് സസ്പെൻഷൻ. കൊച്ചി കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എ.ഡി.ജി.പിയുടെ നിർദേശപ്രകാരം കോഴിക്കോട് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിക്കും. സുനുവിന് സാമൂഹ്യവിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയാണ് പി.ആർ.സുനു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ തൃക്കാക്കര പൊലീസ്, സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. തെളിവുകളുടെ അഭാവത്തിൽ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സുനു ഇന്ന് രാവിലെ ഡ്യൂട്ടിയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ, എഡിജിപി എം ആർ അജിത് കുമാർ സുനുവിനോട് അവധിയിൽ പോകാൻ നിർദ്ദേശം നൽകി. 

ആരോപണ വിധേയനായ വ്യക്തി സ്റ്റേഷൻ ചുമതല വഹിക്കുന്നത് കൂടുതൽ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലിൽ ആണ് നടപടി. താൻ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് മേലുദ്യോഗസ്ഥർ തന്നെ ഡ്യൂട്ടിയിലേക്ക് മടങ്ങാൻ അനുവദിച്ചതെന്നായിരുന്നു സുനുവിന്റെ വിശദീകരണം.

Read Previous

മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ച; മുൻ ദിവസങ്ങളെ അപേക്ഷിച്ച് ശബരിമലയിൽ തിരക്ക് കുറവ്

Read Next

ഇലന്തൂർ നരബലി; പത്മയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി