സൗദിയില്‍ എത്തുന്നവര്‍ക്ക് ഇനി കാറുകള്‍ വാടകയ്ക്ക് എടുക്കാം

റിയാദ്: സൗദി അറേബ്യയിലെത്തുന്ന വിദേശ സന്ദർശകർക്ക് ഇനി കാറുകൾ വാടയ്ക്ക് എടുക്കാം.പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്റേറ്റിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‍ഫോം വഴി, കാർ വാടകയ്ക്ക് നൽകുന്ന കമ്പനികൾക്ക് സന്ദർശകരുടെ ബോര്‍ഡര്‍ നമ്പർ ഉപയോഗിച്ച് വാഹനമോടിക്കാൻ അനുമതി നേടാൻ കഴിയും.

അബ്ഷീർ പ്ലാറ്റ്ഫോമിലൂടെ ഈ മാസം 14ന് പ്രഖ്യാപിച്ച അഞ്ച് പുതിയ ഓൺലൈൻ സേവനങ്ങളിൽ ഒന്നാണിത്. ഇത് പ്രകാരം സൗദി അറേബ്യയിലേക്കുള്ള സന്ദർശകർക്ക് ഒരു കാർ വാടകയ്ക്കെടുത്ത് ഓടിക്കാം. ഇതിനായി സന്ദർശകർ മന്ത്രാലയം ഓഫീസുകളിൽ പോയി അനുമതി വാങ്ങേണ്ട ആവശ്യമില്ല. കാർ റെന്‍റൽ കമ്പനികൾക്ക് ഓൺലൈനായി ഈ പ്രക്രിയ പൂർത്തിയാക്കി നല്കാൻ കഴിയും. അയൽരാജ്യമായ ഖത്തറിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണാൻ എത്തിയ ആരാധകർക്കും പുതിയ സേവനം പ്രയോജനപ്പെടുത്താം. വിഷൻ 2030 ന്‍റെ ഭാഗമായുള്ള സൗദി അറേബ്യയുടെ പൗരൻമാരുടെയും സ്ഥിര താമസക്കാരുടെയും സന്ദർശകരുടെയും സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ ലക്ഷ്യമിടുന്നതിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ.

സൗദി അറേബ്യയിലെ ഇഖാമയുള്ളവർക്ക് മാത്രമേ വാഹനം കൈമാറാൻ അബ്ശിറില്‍ ഇതുവരെ സൗകര്യമുണ്ടായിരുന്നുള്ളൂ. അബ്ഷീറിൽ ഇപ്പോൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കാനും പ്രത്യേക നമ്പറുകൾക്ക് അപേക്ഷിക്കാനും നമ്പർ പ്ലേറ്റുകൾ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അവയ്ക്കായി അപേക്ഷിക്കാനും കഴിയും.

K editor

Read Previous

തരൂരിനെ എങ്ങനെ ഉപയോ​ഗിക്കണമെന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെ; കുഞ്ഞാലിക്കുട്ടി

Read Next

സംവരണപട്ടികയുടെ പുനഃപരിശോധന: ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറി ജസ്റ്റിസ് ഋഷികേശ് റോയ്