ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഭണ്ഡാര മോഷ്ടാവ് കവർച്ചാ ശ്രമത്തിനിടെ വീണ്ടും അറസ്റ്റിൽ

കാഞ്ഞങ്ങാട്: ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ ക്ഷേത്ര ഭണ്ഡാര മോഷ്ടാവിനെ കവർച്ചാ ശ്രമത്തിനിടെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് ബളാൽ സ്വദേശി ഹരീഷ് ബളാലിനെയാണ് 45, ഇന്ന് പുലർച്ചെ 3 മണിയോടെ പൊയിനാച്ചി അയ്യപ്പ ക്ഷേത്രത്തിന് സമീപത്തു നിന്നും മേൽപ്പറമ്പ് എസ് ഐ എം.പി. പത്മനാഭന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.  ഹരീഷിന്റെ കൈവശമുണ്ടായിരുന്ന നീളം കുറഞ്ഞ കമ്പിപ്പാര പോലീസ് കസ്റ്റഡിയിലെടുത്തു.

കൈവശമുണ്ടായിരുന്ന ബാഗിൽ വസ്ത്രങ്ങൾ ഉൾപ്പെടെ അത്യാവശ്യം വേണ്ട സാധനങ്ങളുമുണ്ടായിരുന്നു. പ്രത്യേകിച്ച് വാടക മുറിയെടുത്ത് താമസിക്കാറില്ലാത്തതിനാൽ ആവശ്യമുള്ള സാധനങ്ങൾ ബാഗിൽ സൂക്ഷിക്കാറാണ് പ്രതിയുടെ രീതി. കടത്തിണ്ണയിലുൾപ്പെടെ എവിടെയെങ്കിലും രാത്രി കിടന്നുറങ്ങും. ഇതിനിടയിൽ മോഷണം നടത്താറാണ് പതിവ്, ഭണ്ഡാര മോഷണത്തിലാണ് ഹരീഷിന് താൽപ്പര്യം. കിഴക്കുംകരയിൽ ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്ന പ്രതി ശിക്ഷാ കാലാവധി പൂർത്തിയാക്കി രണ്ടാഴ്ച്ച മുമ്പാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

പയ്യന്നൂർ ബസാറിലെ ഭണ്ഡാര മോഷണക്കേസിൽ ഹരീഷ് പ്രതിയാണ്. ബാര പള്ളിത്തട്ട തറവാട്ടിലെ ഭണ്ഡാരം മോഷ്ടിച്ചതിന് പിന്നിൽ താനാണെന്ന് ഹരീഷ് പോലീസിനോട് സമ്മതിച്ചു. 3000ത്തോളം രൂപയായിരുന്നു ഭണ്ഡാരത്തിലുണ്ടായിരുന്നത്. ബളാലിലെ സ്വന്തം തറവാട് വീട്ടിലെ ഭണ്ഡാരം കുത്തിത്തുറന്ന് പ്രതി മോഷണം നടത്തിയിട്ടുണ്ട്. എളേരിത്തട്ട് കോളേജിൽ നിന്നും ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മോഷണരംഗത്തിറങ്ങുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിനിടയിൽ പ്രതി പറഞ്ഞു. ഓരോ തവണ ഭണ്ഡാര മോഷണം നടത്തി പിടിക്കപ്പെട്ട് ജയിലിനകത്തായാലും പുറത്തിറങ്ങി വീണ്ടും ഭണ്ഡാര മോഷണം നടത്തുകയാണ് രീതി. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട് ആകാശപ്പാത അജാനൂരിന് ഗുണകരം കാഞ്ഞങ്ങാടിന് നഷ്ടവും

Read Next

പണയസ്വർണ്ണമെടുക്കാൻ ചെറുവത്തൂർ ജ്വല്ലറിയുടമ നൽകിയ 2 ലക്ഷവുമായി പർദ്ദധാരിണി മുങ്ങി