ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ ക്ഷമ ചോദിച്ച് തിരിച്ച് നൽകി കള്ളൻ

ബാലാഘട്ട് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ മാപ്പ് അപേക്ഷയുമായി തിരികെ നൽകി കള്ളൻ. ബാലാഘട്ട് ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വെള്ളിയും പിച്ചള വസ്തുക്കളുമാണ് തിരികെ നൽകിയത്. ഒക്ടോബർ 24നാണ് ലാംത പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിനാഥ് ദിഗംബർ ജൈന ക്ഷേത്രത്തിൽ കവർച്ച നടന്നത്. ‘ഛത്രസ്’ (കുടയുടെ ആകൃതിയിലുള്ള അലങ്കാരം) ഉൾപ്പെടെ 10 വെള്ളി അലങ്കാരങ്ങളും 3 പിച്ചള വസ്തുക്കളും മോഷ്ടിക്കപ്പെട്ടതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് വിജയ് ദാബർ പറഞ്ഞു.

അന്നുമുതൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. വെള്ളിയാഴ്ചയാണ് ചിലർ ലാംതയിലെ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കുഴിയിൽ ഒരു ബാഗ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് അവർ പൊലീസിനെയും കമ്മ്യൂണിറ്റി അംഗങ്ങളെയും വിവരമറിയിച്ചു. ബാഗിൽ നിന്ന് ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളും മോഷ്ടാവിന്‍റെ ക്ഷമാപണ കത്തും കണ്ടെടുത്തു.

 ‘എന്‍റെ പ്രവൃത്തിയിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ ഒരു തെറ്റ് ചെയ്തു, ക്ഷമിക്കണം. മോഷണത്തിന് ശേഷം ഞാൻ ഒരുപാട് കഷ്ടതകൾ അനുഭവിച്ചു,” സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്തിൽ പറയുന്നു. മോഷ്ടിച്ച വസ്തുക്കൾ പിടിച്ചെടുത്തതായും മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് വിജയ് ദാബർ പറഞ്ഞു.

Read Previous

ബിഎസ് 3, ബിഎസ് 4 ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഡൽഹി

Read Next

രാജി ആവശ്യത്തിൽ വിവാദമില്ല, കോടതി വിധി നടപ്പാക്കുകയാണ് ചെയ്തത്: ഗവര്‍ണര്‍