സുരക്ഷാ വീഴ്ചയില്ല; യുവാവ് പുഷ്പമാലയുമായെത്തിയത് പ്രധാനമന്ത്രിയുടെ അനുവാദത്തോടെ

ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി അധികൃതർ. ഹുബ്ബള്ളിയിൽ നടന്ന വാഹന റാലിക്കിടയിൽ യുവാവ് പുഷ്പമാലയുമായി സമീപിച്ചത് പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണെന്നാണ് റിപ്പോർട്ടുകൾ. ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ അപ്രതീക്ഷിതമായി ബാരിക്കേഡുകൾക്ക് മുകളിലൂടെ ചാടിക്കടന്ന് പൂമാലയുമായി പ്രധാനമന്ത്രിയെ സമീപിച്ചത് സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

29-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാൻ ഹുബ്ബള്ളിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ ചടങ്ങ് നടക്കുന്ന റെയിൽവേ സ്പോർട്സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നു. വാഹനത്തിന്‍റെ ഫുട്ബോർഡിൽ കയറി നിന്ന് റോഡിന്‍റെ ഇരുവശത്തും തടിച്ചുകൂടിയ ജനക്കൂട്ടത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഒരു യുവാവ് ബാരിക്കേഡിന് മുകളിലൂടെ ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ പൂമാലയുമായി ഓടിയെത്തിയത്.

പ്രധാനമന്ത്രിക്ക് പൂമാല അണിയിക്കുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടിച്ച് മാറ്റി. ഉദ്യോഗസ്ഥർ യുവാവിൻ്റെ കയ്യിൽ നിന്ന് പിടിച്ച് വാങ്ങിയ മാല പിന്നീട് പ്രധാനമന്ത്രി വാങ്ങി വാഹനത്തിന്‍റെ ബോണറ്റിൽ വച്ചു.

K editor

Read Previous

അതിശൈത്യം; മഞ്ഞിൽ പുതഞ്ഞ് ഊട്ടി, അവലാഞ്ചിയിൽ പൂജ്യം ഡിഗ്രി സെൽഷ്യസ്

Read Next

ബോംബ് ഭീഷണി; ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ പരിശോധന