ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാവൽക്കാരനെ രണ്ടംഗ മടിക്കൈ സംഘം ഭീഷണിപ്പെടുത്തി
നീലേശ്വരം: രാത്രി കാവൽക്കാരനുമായി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ ഉടക്കിയ രാത്രിയിൽ പ്രതിഷേധിച്ച് പ്രസിഡണ്ട് തേജസ്വിനി ആശുപത്രി വരാന്തയിൽ കുത്തിയിരുന്നു. പ്രസിഡണ്ട് നിലത്ത് കുത്തിയിരിക്കുന്ന ദൃശ്യം ആശുപത്രിയിലെ സിസി ക്യാമറാ ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ ആശുപത്രി സമിതിയിൽപ്പെട്ട മൂന്നംഗങ്ങൾ കണ്ട് ബോധ്യപ്പെടുകയും ചെയ്തു. തേജസ്വിനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യാ മാതാവിന് രാത്രി ഭക്ഷണവുമായി മറ്റൊരാൾക്കൊപ്പം മുഖാവരണം ധരിച്ച് രാത്രിയിലെത്തിയ പ്രസിഡണ്ട് സി.പ്രഭാകരനെ കാവൽക്കാരൻ നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ സ്വദേശി വിജു സംഭവ ദിവസം തിരിച്ചറിഞ്ഞിരുന്നില്ല. മുറിയിൽ ഒരാളെ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളുവെന്ന് പ്രസിഡണ്ടിനോട് സൗമ്യമായി പറഞ്ഞ വിജുവിന്റെ മുന്നിൽ ഭക്ഷണപ്പൊതിയിട്ട പ്രസിഡണ്ട് ക്ഷുഭിതനാവുന്ന രംഗങ്ങളും കാവൽക്കാരനോട് വിരൽ ചൂണ്ടി സംസാരിക്കുന്ന ദൃശ്യങ്ങളും കൃത്യമായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഒരു സിപിഎം ജില്ലാ കമ്മിറ്റിയംഗവും, മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റംഗവും നേരിൽക്കാണുകയും ചെയ്തിട്ടുണ്ട്. തേജസ്വിനി ആശുപത്രി അധികൃതരും പാർട്ടി നേതാക്കൾ ദൃശ്യങ്ങൾ പരിശോധിച്ച കാര്യം സമ്മതിക്കുന്നുണ്ട്. തൽസമയം ഇതു സംബന്ധിച്ച പത്രവാർത്തയ്ക്ക് ശേഷം പ്രസിഡണ്ടും കാവൽക്കാരനും തമ്മിലുള്ള ദൃശ്യങ്ങൾ തങ്ങൾ കണ്ടിട്ടില്ലെന്നും, ഇത്തരമൊരു വിഷയത്തിൽ ഇടപെടാൻ പാർട്ടി തങ്ങളെ അധികാരപ്പെടുത്തിയിട്ടില്ലെന്നും ഇന്നലെ ലേറ്റസ്റ്റിലെത്തിച്ച വിശദീകരണക്കുറിപ്പിൽ ജില്ലാ കമ്മിറ്റിയംഗം കെ. ബാലകൃഷ്ണനും, ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി.പി.പി. മുസ്തഫയും പറയുന്നു. അതിനിടയിൽ രാത്രിയിൽ ഭക്ഷണവുമായി ആശുപത്രിയിലെത്തിയ തന്നെയും സഹപ്രവർത്തകനെയും അപമാനിച്ച കാവൽക്കാരൻ വിജുവിനെ ആശുപത്രിയിൽ പുറത്താക്കണമെന്ന് ആവശ്യം പ്രസിഡണ്ടിന്റെ ഭാഗത്തു നിന്ന് ശക്തമായി ഉയർന്നിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് ഇക്കാര്യം പാർട്ടി കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരന്റേയും, സംസ്ഥാന സമിതി അംഗമായ മുൻ എം.എൽ.ഏ, കെ.പി. സതീഷ് ചന്ദ്രന്റെയും ശ്രദ്ധയിൽപ്പെടുത്തിയതായി സംഭവം നടന്നതിന് തൊട്ട് പിറ്റേദിവസം അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ട ലേറ്റസ്റ്റ് പ്രതിനിധികളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടിനെ രാത്രിയിൽ തിരിച്ചറിയാതിരുന്നിട്ടും, ഒരു കാവൽക്കാരൻ ചെയ്യേണ്ടിയിരുന്ന ഉത്തരവാദിത്വം മാത്രമാണ് ” ഒരാൾക്ക് മുറിയിൽപ്പോകാമെന്ന ” തേജസ്വിനി ആശുപത്രി കാവൽക്കാരന്റെ നിർദ്ദേശം. രാത്രിയിൽ ഒരു രോഗിക്ക് ഭക്ഷണവുമായി 5 പേർ വരികയും, അവരെ മുഴുവൻ കൊറോണക്കാലത്ത് രോഗിയുടെ മുറിയിൽ കടത്തി വിടുകയും ചെയ്യുന്നുവെങ്കിൽ പിന്നെ ആശുപത്രിയിൽ കാവൽക്കാരന്റെ ആവശ്യമില്ലല്ലോ എന്ന ചോദ്യവും ഈ വിഷയത്തിൽ മടിക്കൈയിലെ പ്രവാസി കൂട്ടായ്മ ചോദിക്കുന്നു. പ്രസിഡണ്ട് ഭക്ഷണപ്പൊതി കാവൽക്കാരന്റെ മുന്നിലിട്ട ശേഷം കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ടും കാവൽക്കാരനോട് ചൂടായിട്ടും കാവൽക്കാരൻ സംയമനം പാലിച്ചത് ഏറ്റെടുത്ത ജോലിയോടുള്ള ആത്മാർത്ഥതയായി കാണുന്നുവെന്ന് ആശുപത്രി മാനേജ്മെന്റും പറയാതെ പറയുന്നുണ്ട്. തേജസ്വിനി ആശുപത്രിയിലുണ്ടായ പ്രശ്നങ്ങൾ സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ട് ചർച്ച ചെയ്യേണ്ട ഒരു വിഷയമേ അല്ലെന്നും, ആശുപത്രി കാവൽക്കാരനെയും, പഞ്ചായത്ത് പ്രസിഡണ്ടിനേയും ഉടൻ വിളിച്ചിരുത്തി തെറ്റുകുറ്റങ്ങൾ പരസ്പരം പറഞ്ഞു മനസ്സിലാക്കി സ്നേഹത്തോടെ ചായ കുടിച്ചു പിരിയേണ്ട ഒരു സംഭവം മാത്രമാണിതെന്നും, ജില്ലയിലെ മുതിർന്ന സിപിഎം വൃത്തങ്ങൾ പറഞ്ഞു. ആശുപത്രിയാകട്ടെ പാർട്ടി സ്ഥാപനം കൂടിയാണ്. പ്രത്യേകിച്ച് സി.പ്രഭാകരൻ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാണെങ്കിൽ എതിർപക്ഷത്തുള്ള കാവൽക്കാരൻ വിജു പള്ളിക്കരയിൽ ആർഎസ്എസ് പ്രവർത്തകരുമായുണ്ടായ ഒരു തർക്കത്തിൽ കേസ്സിലകപ്പെട്ട് രണ്ടാഴ്ച കണ്ണൂർ ജയിലിൽ റിമാന്റ് തടവ് കഴിഞ്ഞ് നാട്ടിലെത്തിയ പാർട്ടി അംഗമായ യുവാവു കൂടിയാണ്. അതിനിടയിൽ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ഒരു സ്കാനിംഗ് റിപ്പോർട്ട് ഡോക്ടറെ കാണിക്കാൻ എന്ന രീതിയിൽ തേജസ്വിനി ആശുപത്രിയിലെത്തിയ നാൽപ്പതോടടുത്ത് പ്രായമുള്ള രണ്ട് മടിക്കൈ സ്വദേശികൾ തൽസമയം ആശുപത്രി കൗണ്ടറിൽ പകൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കാവൽക്കാരൻ വിജുവിനെ നോട്ടമിടുകയും, ”ഇവൻ തന്നെയാണ് പ്രസിഡണ്ടിനോട് കളിച്ചവൻ” എന്ന് വിജു കേൾക്കാൻ പറയുകയും ചെയ്ത സംഭവവും നടന്നിട്ടുണ്ട്. എം.രാജഗോപാലൻ എംഎൽഏയാണ് തേജസ്വിനി ആശുപത്രിയുടെ ഇപ്പോഴത്തെ ചെയർമാൻ. ഏതായാലും തേജസ്വിനി കാവൽക്കാരൻ സംഭവത്തിൽ ജനവികാരം മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ടിന് എതിരായിത്തീർന്നു.