ജലനിരപ്പ് ഉയരുന്നു; ചാലക്കുടിയിൽ പുഴയോരത്തുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്ന് കളക്ടര്‍

തൃശ്ശൂര്‍: കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്നാണ് ചാലക്കുടി പുഴയിലേക്ക് വൻതോതിൽ വെള്ളം തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ അടിയന്തരമായി മാറി താമസിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.

പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുകയും ചാലക്കുടി പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ശക്തമാകുകയും ചെയ്യുന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. 2018 ലും 2019 ലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. കുറുമാലി നദിയുടെ തീരത്ത് താമസിക്കുന്നവർ മാറിത്താമസിക്കണം. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. നിലവിൽ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലാണ്. ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ, കുറുമാലി പുഴയുടെ തീരത്ത് താമസിക്കുന്നവർ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കളക്ടർ പറഞ്ഞു.

K editor

Read Previous

’52 വര്‍ഷം ദേശീയ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്’

Read Next

മതവികാരം വ്രണപ്പെടുത്തി; ഗൾഫ് രാജ്യങ്ങളിൽ ദുൽഖർ ചിത്രത്തിന് വിലക്ക്