ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം മാർച്ച് 10ന് തിയേറ്ററുകളിലെത്തും. ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. നിവിൻ പോളി നിരവധി ഗെറ്റപ്പുകളിൽ അഭിനയിച്ച ഈ ചിത്രം 20 കളിലെയും 40 കളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിക്കുന്നു. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനുള്ള തൊഴിലാളികളുടെ പോരാട്ടവുമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം.
1920-കളിൽ പുതിയ കൊച്ചി തുറമുഖം പണിയുന്ന സമയത്താണ് കഥ തുടങ്ങുന്നത്. തൊഴിൽ തേടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ ലേബർ കോൺട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ ഒത്തുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിന് വക കിട്ടാനുള്ള തൊഴിലിന് വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.
തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിന് വേണ്ടി പോരാടേണ്ടി വന്ന കാലം. ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്‍റെയും നാടിൻ്റെയും അതിജീവനത്തിന്‍റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശയ്ക്കും നിരാശയ്ക്കും ഇടയിൽ സഞ്ചരിക്കുന്ന രണ്ട് തലമുറകളുടെ കഥയാണിത്.