തെരുവുനായ കിടപ്പ് മുറിയിൽ കയറി കടിച്ചു ; വിദ്യാർഥിനിക്ക് പരിക്ക്

തിരുവനന്തപുരം: തെരുവ് നായ കിടപ്പുമുറിയിൽ കയറി കോളേജ് വിദ്യാർത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് കടിയേറ്റത്. തെരുവുനായ മുറിയിൽ കയറി അഭയയുടെ കൈയിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം തുടരുകയാണ്. തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു. വെങ്ങിണിശ്ശേരി സ്വദേശി ജിനുവിനാണ് തെരുവുനായയുടെ കടിയേറ്റത്. പന്ത് എടുക്കാൻ പോയപ്പോഴാണ് ജിനുവിനെ സമീപത്തുണ്ടായിരുന്ന തെരുവ് നായ കടിച്ചത്.

ഇടുക്കിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പാലുമായി പോയയാളുടെ ഇരുചക്രവാഹനം അപകടത്തിൽ പെട്ടു. ചെറുതോണി അട്ടക്കളം സ്വദേശി കുന്നേൽ റെജിക്കാണ് പരിക്കേറ്റത്. വളർത്തുനായയുടെ കടിയേറ്റ തോപ്രാംകുടി സ്വദേശിനിയായ വീട്ടമ്മയും ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

കോഴിക്കോട് രണ്ടിടത്ത് തെരുവ് നായ വാഹനങ്ങൾക്ക് കുറുകെ ചാടി നാല് പേർക്ക് പരിക്കേറ്റു. തെരുവുനായ്ക്കൾ ഇരുചക്ര വാഹനങ്ങൾക്ക് കുറുകെ ചാടിയതാണ് രണ്ടിടത്തും അപകടങ്ങൾക്ക് കാരണമായത്.

Read Previous

പ്രണയത്തിന് തടസം ; ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് കൊന്നു കത്തിച്ചു

Read Next

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചിക്കാൻ ഒമാൻ രാജാവ് യുകെ സന്ദർശിക്കും