ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തം; സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്രം

ന്യൂഡല്‍ഹി: അമേരിക്കൻ കോടതി വിധികൾ അനുകരിച്ച് സുപ്രീം കോടതി ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണെന്നും അതിനാൽ യുഎസ് ഭരണഘടനയെയും വിധികളെയും അടിസ്ഥാനമാക്കി മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം പറഞ്ഞു. ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിവിധ വിധികളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി.

നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011ലെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം സൂചിപ്പിച്ചത്. നിരോധിത സംഘടനകളുടെ സജീവ പ്രവർത്തകർക്കെതിരെ മാത്രമേ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ കഴിയൂവെന്നും അംഗത്വത്തിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്നും 2011 ൽ സുപ്രീം കോടതി വിധിച്ചിരുന്നു.

ഭീകരവാദ വിരുദ്ധ നിയമമായ ടാഡയിലെ വ്യവസ്ഥ 2011 ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. ജാമ്യം തേടിയും ശിക്ഷയ്ക്കെതിരെയും സമർപ്പിച്ച രണ്ട് വ്യത്യസ്ത ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഉത്തരവ് ഇറക്കിയിരുന്നത്. എന്നാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന്‍റെ വാദം കേട്ടിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ടാഡ നിയമത്തിലെ വ്യവസ്ഥകളെ ഹർജിക്കാർ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

K editor

Read Previous

ഓൺലൈൻ ചൂതാട്ടത്തിനെതിരെ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രം

Read Next

ബിഹാറിൽ ‘പത്താൻ’ പ്രദര്‍ശനത്തിനിടെ സ്ക്രീൻ കുത്തിക്കീറി യുവാക്കൾ