വസ്ത്രത്തിൽ രഹസ്യഅറ; ഒന്നരക്കിലോ സ്വര്‍ണവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണ മിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസ് ആണ് അറസ്റ്റിലായത്.

ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഇതേതുടർന്ന് ഇയാളുടെ ടീഷർട്ട്, പാന്‍റ്സ്, അടിവസ്ത്രം എന്നിവയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. വസ്ത്രങ്ങളിൽ രഹസ്യ അറകൾ നിർമ്മിച്ചാണ് സ്വർണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ചിരുന്നത്.

കഴിഞ്ഞദിവസം സമാനമായരീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരാളെ പോലീസ് സംഘം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടികൂടിയിരുന്നു. സ്വര്‍ണമിശ്രിതം പാന്റ്‌സില്‍ തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി ഇസ്സുദ്ദീനാണ് പോലീസിന്റെ പിടിയിലായത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതോടെയാണ് സ്വര്‍ണം കണ്ടെടുത്തത്.

Read Previous

കണ്ണൂർ വിസി ക്രിമിനൽ; എന്നെ കായികമായി നേരിടാൻ ഒത്താശ ചെയ്തു; ഗുരുതര ആരോപണവുമായി ഗവർണർ

Read Next

പശുവിനെ അറുക്കുന്നവരെ കൊല്ലണം; ഇതുവരെ 5 പേരെ കൊന്നു; ബിജെപി നേതാവ് വിവാദത്തില്‍