വിവാദ ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്ത്; കേരളത്തിൽ പ്രദർശനം തുടരും

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ത്യൻ സമയം പുലർച്ചെ 2:30 ന് പുറത്തിറങ്ങി. 2019 ൽ നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം. രണ്ടാം ഭാഗത്തിൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുൾപ്പടെയുള്ള കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്‍റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതിനെക്കുറിച്ചും ഡോക്യുമെന്‍ററി പരാമർശിക്കുന്നു.

അതേസമയം, നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം ഇന്നും കേരളത്തിൽ തുടരും. ഇടതുപക്ഷ സംഘടനകളുടെയും കോൺഗ്രസിന്‍റെയും നേതൃത്വത്തിലാണ് പ്രദർശനം. ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദർശനം തടയാൻ ബിജെപി, യുവമോർച്ച പ്രവർത്തകർ എത്തിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു. 

ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ച കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്‍റണിക്കെതിരെ കോൺഗ്രസിൽ എതിർപ്പ് ശക്തമാണ്. പാർട്ടി നിലപാടല്ലെന്ന് നേതാക്കൾ തിരുത്തിയിട്ടും അനിൽ നിലപാടിൽ ഉറച്ചു നിൽക്കുന്നതിനാലാണ് എതിർപ്പ്. അനിലിനെ പുറത്താക്കണമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടില്ല. ഒരു പക്ഷേ അനിലിനെ മാറ്റി കമ്മിറ്റി ഉടൻ പുനഃസംഘടിപ്പിച്ചേക്കും.

K editor

Read Previous

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു

Read Next

സിസിഎല്ലിന് ഫെബ്രുവരി 4 ന് തുടക്കം; ആദ്യ മത്സരം 18 ന്