ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കാലത്തും കുടിശ്ശിക തീർത്ത് ശമ്പളം നൽകില്ലെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.ഐ(എം) ന്‍റെ ഭരണത്തിന് കീഴിൽ ജീവനക്കാർ വേതനത്തിനായി തെരുവിലിറങ്ങുകയാണ്. ഈ വിഷയത്തിൽ സർക്കാരിന്റെ സമീപനം തൊഴിലാളി വിരുദ്ധതയുടെ ഉദാഹരണമാണെന്ന് കെ സുധാകരൻ എംപി പറഞ്ഞു.
പാർട്ടിയുടെ തൊഴിലാളി സംഘടനകള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗമായ വകുപ്പുമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി സ്വയം തടിതപ്പുകയാണ്. സർക്കാരും മാനേജ്മെന്‍റും തൊഴിലാളികളെ പൂർണ്ണമായും ഉപേക്ഷിച്ചു. ശമ്പളത്തിന് 103 കോടി രൂപ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്റ്റേ വാങ്ങിയാണ് സർക്കാർ തൊഴിലാളികളോട് സഹതാപം പ്രകടിപ്പിച്ചത്. എല്ലാ മാസവും കെ.എസ്.ആർ.ടി.സിക്ക് ധനവകുപ്പ് നൽകുന്ന 50 കോടി രൂപ കഴിഞ്ഞ രണ്ട് മാസമായി കുടിശ്ശികയാണ്. അതും ഉത്സവ ആനുകൂല്യങ്ങളും ചേര്‍ത്തുള്ള തുക നല്‍കാനാണ് സിംഗില്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍, കുടിശിക ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാനുള്ള സാമ്പത്തിക സഹായത്തിന്റെ ഒരുമാസത്തെ വിഹിതം മാത്രം നല്‍കാമെന്ന സർക്കാർ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സുധാകരന്‍ കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സിയെ നിലനിർത്തേണ്ട ഉത്തരവാദിത്തവും ബാധ്യതയും സർക്കാരിനുണ്ട്. സിഫ്റ്റ് കമ്പനിയുടെ രൂപീകരണവും റൂട്ടുകളുടെ കൈമാറ്റവും കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി വർദ്ധിപ്പിച്ചിട്ടുണ്ട്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കാരവും സിഫ്റ്റ് കമ്പനിയുടെ രൂപീകരണവും ഉൾപ്പെടെയുള്ള നടപടികൾ കോർപ്പറേറ്റ് നയ മാറ്റത്തിന്‍റെ ഭാഗമായ തൊഴിലാളി വിരുദ്ധ നടപടികളാണ്. സർക്കാർ, മാനേജ്മെന്‍റ് തലങ്ങളിലെ കെടുകാര്യസ്ഥതയും കഴിവുകേടുമാണ് ഇതിന് കാരണം. ജീവനക്കാരുടെ ദുരവസ്ഥയ്ക്ക് അറുതിവരുത്താൻ മാനുഷിക നിലപാട് സ്വീകരിക്കാൻ സർക്കാരും മുഖ്യമന്ത്രിയും തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.