കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: പാർട്ടിക്കാർക്ക് താൽക്കാലിക നിയമനം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചെന്ന പേരിൽ പ്രചരിക്കുന്ന കത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.

തന്‍റെ പേരിൽ പ്രചരിക്കുന്ന കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മേയർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ്.മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ കേസ് അന്വേഷിക്കും.

അതേസമയം കത്തിനെക്കുറിച്ച് അന്വേഷിക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. സെക്രട്ടറി ആനാവൂർ നാഗപ്പൻ ഈ വിഷയത്തിൽ മാധ്യമങ്ങളെ കാണും. കത്ത് എഴുതിയത് താനല്ലെന്ന് മേയർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം നേതൃത്വത്തെയും അറിയിച്ചു. എന്നാൽ കത്ത് വ്യാജമാണോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു ആനാവൂർ നാഗപ്പന്‍റെ മറുപടി.

K editor

Read Previous

സിമന്റ് കമ്പനികൾ വില വർദ്ധിപ്പിക്കുന്നു; ചാക്കിന് 10 മുതൽ 30 രൂപ വരെ ഉയർന്നേക്കും

Read Next

മകൻ മാധവിനൊപ്പം സുരേഷ് ഗോപി; ‘ജെഎസ്‍കെ’യ്ക്ക് തുടക്കം