ഹിൻഡൻബർഗ് വിവാദം; വാർത്ത നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകനായ എം എൽ ശർമ്മ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് പി.എസ്.നരസിംഹ, ജെ.ബി. പർധിവാല എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിലെ അന്തിമ വിധി വരുന്നതുവരെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നായിരുന്നു ശർമ്മയുടെ ഹർജി.

അദാനി-ഹിൻഡൻബർഗ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഓഹരി നിക്ഷേപകരുടെ സംരക്ഷണത്തിനായി സ്വന്തം നിലയിൽ വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മുദ്രവച്ച കവറിൽ പാനലിന്‍റെ പേരുകൾ നൽകാനുള്ള കേന്ദ്രത്തിന്‍റെ ശ്രമങ്ങൾ ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 3 അംഗ ബെഞ്ച് നിരസിച്ചു. സുപ്രീം കോടതി സമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള പഠനമാണ് സമിതി ഉദ്ദേശിക്കുന്നത്.

ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന ഒരു വിഭാഗത്തിന്‍റെ ആവശ്യത്തോട് ആർക്കും വിയോജിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ പറഞ്ഞു.

Read Previous

‘എലോൺ’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെത്തും; ഒടിടി റിലീസ് പ്രഖ്യാപിച്ചു

Read Next

ഫോണിൽ വിദ്യാർത്ഥികളെ അശ്ലീലം കാണിച്ച ട്യൂഷൻ അധ്യാപിക മുങ്ങി, 3 പോക്സോ കേസുകൾ