പേവിഷബാധ കാരണമുള്ള മരണങ്ങളിൽ ആരോഗ്യമന്ത്രിക്കും ഉത്തരവാദിത്തം; എസ്എസ് ലാൽ

കൊച്ചി: വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് ആളുകൾ മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്‍റെ പരാജയം മൂലമാണെന്ന് ഡോ.എസ്.എസ്.ലാൽ. പ്രശ്നത്തിന്‍റെ ഗൗരവം അവർ മനസ്സിലാക്കാത്തതുകൊണ്ടോ അല്ലെങ്കിൽ മനുഷ്യജീവന് വില നൽകാത്തതുകൊണ്ടോ ആണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ആളുകൾ മരിക്കുന്നത്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് വലിയ പരാജയമാണ്. വകുപ്പ് ഭരിക്കുന്ന വ്യക്തിയെന്ന നിലയിൽ ആരോഗ്യമന്ത്രിക്ക് ഇതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും എസ്.എസ് ലാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എസ്.എസ് ലാലിന്റെ ഫേസ്ബുക് കുറിപ്പ്

“പേവിഷബാധ കാരണം ഒരാൾ മരിക്കുന്നത് പോലും മാപ്പില്ലാത്ത കുറ്റമാണ് !
പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിച്ചിട്ട് 137 വർഷങ്ങളായി. വളരെ സുരക്ഷിതമായ വാക്സിനുകൾ ഇന്ന് സാർവത്രികമായി ലഭ്യമാണ്. വാക്സിൻ ഉപയോഗിച്ചാൽ നൂറ് ശതമാനവും ഒഴിവാക്കാവുന്ന രോഗമാണ് പേവിഷബാധ. അതായത് ഇക്കാലത്ത് പേവിഷബാധ വന്ന് ഒരാൾ പോലും മരിക്കേണ്ട കാര്യമില്ല.പേവിഷബാധയുള്ള മൃഗത്തിൽ നിന്ന് അണുബാധ കിട്ടിയിട്ടുണ്ടെങ്കിൽ രോഗം സുനിശ്ചിതമാണ്. വാക്സിൻ എടുത്തില്ലെങ്കിൽ മരണം ഉറപ്പാണ്.

വാക്സിൻ എടുത്തിട്ടും മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്റെ മാത്രം തകരാറുകൊണ്ടാണ്. നിലവാരമില്ലാത്ത വാക്സിൻ വാങ്ങിയത് കാരണമോ, നിർദ്ദേശിക്കപ്പെട്ട ഊഷ്മാവിൽ വാക്സിൻ സൂക്ഷിക്കാത്തത് കാരണമോ ആകാം വാക്സിൻ കുത്തിയിട്ടും രോഗം ഉണ്ടാകുന്നത്. അതിന് അടിയന്തിരമായി ഉത്തരം പറയേണ്ടത് സർക്കാർ സംവിധാനങ്ങളാണ്, പ്രത്യേകിച്ച് ആരോഗ്യ വകുപ്പ്.
മനുഷ്യന് പേവിഷബാധയുണ്ടാക്കുന്ന മൃഗങ്ങളുടെ, പ്രത്യേകിച്ച് തെരുവ് നായ്ക്കളുടെ, നിയന്ത്രണത്തിൽ സർക്കാരിനും ജനങ്ങൾക്കും തുല്യ ഉത്തരവാദിത്വമാണ്.
സർക്കാർ തെരുവ് നായ്ക്കളെ കൊന്നെറിയണമെന്നല്ല പറയുന്നത്. അവയുടെ പെറ്റുപെരുകൽ നിയന്ത്രിക്കാൻ അവയെ വന്ധ്യംകരിക്കണം. അതിനുള്ള ഉത്തരവാദിത്വം സർക്കാരിനാണ്. സർക്കാർ സംവിധാനങ്ങൾ അത് ചെയ്യാത്തതിന് യാതൊരു ന്യായീകരണവും വിലപ്പോവില്ല.പരാജയം സമ്മതിച്ചിട്ട് അടിയന്തിരമായി പരിഹാര മാർഗങ്ങൾ തേടുകയേ വഴിയുളളൂ.”

K editor

Read Previous

വിദ്യാഭ്യാസ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കെജരിവാൾ തമിഴ്നാട്ടിലേക്ക്

Read Next

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും