ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന പരേഡിന് ഈജിപ്ഷ്യൻ സൈനിക സംഘവും ഭാഗമായി. കേണൽ മഹ്മൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവിയുടെ നേതൃത്വത്തിലുള്ള 144 സൈനികരാണ് ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസി, പ്രസിഡന്‍റ് ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിൽ പരേഡ് അവതരിപ്പിച്ചത്. ഇതാദ്യമായാണ് ഈജിപ്ഷ്യൻ സൈനിക സംഘം റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകുന്നത്.
ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസിയായിരുന്നു ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. ഇതാദ്യമായാണ് ഒരു ഈജിപ്ഷ്യൻ നേതാവ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകുന്നത്. ഈ വർഷം ഇന്ത്യ-ഈജിപ്ത് നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികം കൂടിയാണ്.
നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അബ്ദുൽ ഫത്താഹ് അൽ സിസി മറ്റ് ഉന്നതതല പ്രതിനിധികൾക്കൊപ്പമാണ് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിച്ചത്. രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു നൽകുന്ന ‘അറ്റ് ഹോം’ പരിപാടിയിലും സിസി പങ്കെടുക്കും. തുടർന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.