നായയുടെ കടിയേറ്റത് നാഡീവ്യൂഹങ്ങളുള്ള ഭാഗത്ത്; മരണകാരണം ഗുരുതരമുറിവുകളെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച അഞ്ച് പേർക്കും കാറ്റഗറി 3 വിഭാഗത്തിൽപ്പെട്ട ഗുരുതര പരിക്കുകളുണ്ടായിരുന്നതായി ആരോഗ്യവകുപ്പിന്‍റെ ഡെത്ത് ഓഡിറ്റ് റിപ്പോർട്ട്. നാഡീവ്യൂഹങ്ങൾ കൂടുതലുള്ള കൈകളിലും തലച്ചോറിനടുത്തുള്ള മുഖം, കഴുത്ത്, ചുണ്ടുകൾ, ചെവികൾ എന്നിവയിലുമാണ് മുറിവുകൾ. വൈറസ് വ്യാപനം ദ്രുതഗതിയിൽ നടന്നിരിക്കാമെന്നും ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ വിലയിരുത്തി.

ഈ വർഷം സംസ്ഥാനത്ത് നായയുടെ കടിയേറ്റ് മരിച്ച 21 പേരിൽ അഞ്ച് പേർ കൃത്യമായ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരാണ്. കണ്ണൂരിൽ മരിച്ച 60 കാരനാണ് ആദ്യത്തേയാൾ. ഇദ്ദേഹത്തിന് മുഖത്തും ചുണ്ടിലും ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടാമത്, കോഴിക്കോട് ജില്ലയിൽ മരിച്ച 67 കാരന്‍റെ കഴുത്തിലും കൈകളിലും കടിയേറ്റിരുന്നു. പാലക്കാട് ജില്ലയിലെ 19 കാരിയായ വിദ്യാർത്ഥിനിയുടെ കൈക്കാണ് പരിക്കേറ്റത്. തുടർന്ന് മരിച്ച കോഴിക്കോട് സ്വദേശിനിയായ 56കാരിയുടെ മുഖത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം മരിച്ച അഞ്ചാമത്തെയാളായ അഭിരാമിയുടെ കണ്ണിന് സമീപം കടിയേറ്റിരുന്നു.

വാക്സിൻ എടുത്ത സമയം വൈകിയിട്ടുണ്ടെങ്കിലും വൈറസ് പടരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച നിയോഗിച്ച വിദഗ്ധ സമിതി വാക്സിനേഷൻ എടുത്തിട്ടും എങ്ങനെയാണ് മരണം സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

K editor

Read Previous

മദ്രസകളെ ലക്ഷ്യമിട്ടുള്ള യു.പി സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് സംഘടനകള്‍

Read Next

പൊന്നിയിന്‍ സെല്‍വന്‍ വേണ്ടെന്നുവെച്ചതിന്റെ കാരണം പറഞ്ഞ് അമല പോള്‍