‘മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ചത് അംഗീകരിക്കില്ല’

തിരുവനന്തപുരം: തീരശോഷണം ഉൾപ്പെടെയുള്ള അതിജീവന വിഷയങ്ങളിൽ ആശങ്കകൾ ഉന്നയിച്ച മത്സ്യത്തൊഴിലാളി സമരത്തെ അവഹേളിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എം.പി. സർക്കാരിന്റെ ഔദാര്യത്തിന് വേണ്ടിയല്ല മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. ആ സഹോദരങ്ങൾക്ക് അതിജീവിക്കാനുള്ള പോരാട്ടമാണിത്.

അത് കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, അവരുടെ ജനകീയ പ്രക്ഷോഭം ആസൂത്രിതമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യാനുള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമം അപലപനീയമാണ്. വിഴിഞ്ഞം പദ്ധതി മൂലം ഭൂമിയും പാർപ്പിടവും നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പുനരധിവാസം ഉറപ്പാക്കാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ 450 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

തീരദേശ മണ്ണൊലിപ്പ് ഉൾപ്പെടെയുള്ള ഗൗരവമേറിയ വിഷയങ്ങൾ പരിഗണിച്ച് വിശദമായി പഠിച്ച ശേഷമാണ് ഉമ്മൻചാണ്ടി സർക്കാർ പാക്കേജിന് രൂപം നൽകിയത്. എന്നാൽ പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ അത് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് ദൗർഭാഗ്യകരമാണെന്നും സുധാകരൻ പറഞ്ഞു.

K editor

Read Previous

‘സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരി യാത്രയയപ്പ്; കുടുംബത്തെ പിന്തുണച്ച് വി.ശിവൻകുട്ടി

Read Next

എൻഡിടിവിയുടെ 29% ഓഹരിയും സ്വന്തമാക്കി അദാനി ഗ്രൂപ്പ്