തരൂരിന് എവിടെയും മേൽക്കൈ ഇല്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

ന്യൂഡല്‍ഹി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയം നേടിയത് മല്ലികാർജുൻ ഖാർഗെ ക്യാമ്പ് ആഘോഷിക്കുമ്പോഴും തരൂരിന്റെ മികച്ച പ്രകടനത്തിൽ അസ്വസ്ഥരായി ഖാർഗെ അനുയായികൾ. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച വെച്ചത് ശശി തരൂരിനെ അനുകൂലിക്കുന്നവർ ഉയർത്തിക്കാണിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെയും രാജ്മോഹൻ ഉണ്ണിത്താനെയും പോലുള്ള നേതാക്കൾ ഇത് അംഗീകരിക്കാൻ ഇപ്പോഴും തയ്യാറായിട്ടില്ല.

തിരഞ്ഞെടുപ്പിൽ ഖാർഗെയ്ക്ക് വ്യക്തമായ മേൽക്കൈ ലഭിച്ചുവെന്നും ശശി തരൂരിന് ഒരു സംസ്ഥാനത്തും മേൽക്കൈയില്ലെന്നും വോട്ടെണ്ണൽ പൂർത്തിയായ ശേഷം കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 100 വോട്ട് എണ്ണുമ്പോൾ തരൂരിന് 4,5 വോട്ടുകളാണ് ലഭിച്ചത്. മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ ശശി തരൂർ പുതിയതായി ഒന്നും ഉന്നയിച്ചില്ല. 9,000 ത്തിലധികം വോട്ടുകൾ ഉള്ള ഒരു തിരഞ്ഞെടുപ്പിൽ 1,000 വോട്ടുകൾ നേടുന്നത് വലിയ കാര്യമൊന്നുമല്ല.

അസാധുവായതിൽ കൂടുതൽ വോട്ട് ഖാർഗെക്ക് കിട്ടിയതാണ്. 400 വോട്ടോളം ഖാർഗെക്ക് രേഖപ്പെടുത്തുന്നതിൽ തെറ്റ് പറ്റിയതിനാൽ നഷ്ടപ്പെട്ടു. വോട്ടെണ്ണലിൽ കൃത്രിമം നടന്നെന്ന തരൂരിന്റെ ആരോപണത്തെ പരിഹസിച്ച അദ്ദേഹം അത് പരാജയം മുന്നിൽ കണ്ടുള്ള ആരോപണം മാത്രമായിരുന്നെന്നും പറഞ്ഞു. 

അതേസമയം പട്ടികയ്ക്ക് പുറത്തുള്ളവർ വോട്ട് ചെയ്തുവെന്ന് തെളിയിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ ശശി തരൂരിനെ വെല്ലുവിളിച്ചു. തെലങ്കാനയിൽ ക്രമക്കേട് നടന്നുവെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. മറിച്ചായാൽ തരൂർ മാപ്പ് പറയണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. 

K editor

Read Previous

പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് ദുബായ്–കേരള സർവീസ്

Read Next

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച