സിനിമാമോഡൽ വധശ്രമം; മുഖ്യപ്രതി താജു കൊച്ചിയിൽ കുടുങ്ങി

പ്രതിയെ പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ചു ∙  ചോദ്യം ചെയ്യൽ തുടങ്ങി

കാഞ്ഞങ്ങാട്: അജാനൂർ ഇക്ബാൽ റെയിൽവെ ഗെയിറ്റ് പരിസരത്ത് ഉദുമ പടിഞ്ഞാർ സ്വദേശി അബ്ദുൾ മുനീറിനെ 33, കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന മുഖ്യപ്രതി താജു എന്ന താജുദ്ദീനെ 33, ഹൊസ്ദുർഗ് പോലീസ് എറണാകുളത്ത് കുടുക്കി.

ജൂൺ 26-ന് രാത്രി 11 മണിക്ക് നടന്ന കൊലപാതകശ്രമത്തിന് ശേഷം, കഠാരക്കുത്തേറ്റ അബ്ദുൾ മുനീറിന്റെ ബുള്ളറ്റ് മോട്ടോർ സൈക്കിളുമായി കടന്നുകളഞ്ഞ താജുവിന് വേണ്ടി ഹൊസ്ദുർഗ് പോലീസ് ഐപി, കെ.പി. ഷൈനും പാർട്ടിയും കഴിഞ്ഞ ഓരോഴ്ചയായി മുഴുവൻ അരിച്ചുപെറുക്കുകയായിരുന്നു.

താജു ഒളിച്ചുപാർക്കുമെന്ന് കരുതിയ ബേക്കൽ പോലീസ് പരിധിയിലെ ഏതാനും രഹസ്യ കേന്ദ്രങ്ങളിൽ നാലു രാത്രികൾ പോലീസ് താജുവിന് വേണ്ടി വല വിരിച്ചു കാത്തിരുന്നുവെങ്കിലും, താജു അപ്പോഴേയ്ക്കും ജില്ല വിട്ടുപോയിരുന്നു.

എറണാകുളം മറൈൻ ഡ്രൈവിൽ നിന്നാണ് ഇന്നലെ പോലീസ് പാർട്ടി താജുദ്ദീനെ കുടുക്കിയത്.

പത്തോളം അക്രമക്കേസ്സുകളിൽ പ്രതിയായ താജുവിനെ ഇന്നലെ രാത്രി തന്നെ കാഞ്ഞങ്ങാട്ടെത്തിച്ചു. പൂച്ചക്കാട് അരയാൽതറ സ്വദേശിയായ  പ്രതിയെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്.

വാഹനങ്ങൾ മറികടന്നുപോകുന്നതുമൂലം, ഇഖ്ബാൽ റെയിൽവെ ഗെയിറ്റിൽ ഗതാഗതകുരുക്ക് പതിവായതിനാൽ, സ്ഥലത്ത് റോഡിൽ പോലീസ് ഉപയോഗിച്ചുവരുന്ന ഇരുമ്പ് ബാരിക്കേഡ് രാത്രി 11 മണിക്ക് റോഡിൽ വിലങ്ങനെയിട്ട് തടസ്സം  സൃഷ്ടിക്കുകയും, കടപ്പുറം ഭാഗത്ത് നിന്ന് സംഭവ ദിവസം രാത്രി 11-ന് കൂട്ടുകാരൻ മുഹമ്മദിനെ പിന്നിലിരുത്തി അബ്ദുൾ മുനീർ ഓടിച്ചുവന്ന ബുള്ളറ്റ്  മോട്ടോർ സൈക്കിൾ  റോഡിൽ തടഞ്ഞിട്ടു പിടികൂടിയാണ് താജുദ്ദീനടക്കമുള്ള മറ്റ് മൂന്ന് പ്രതികൾ അബ്ദുൾ മുനീറിനെ വധിക്കാൻ ശ്രമിച്ചത്.

ദേഹത്ത് ഗുരുതരമായി കഠാരക്കുത്തുകളേറ്റ അബ്ദുൾ മുനീർ മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്.

പള്ളിക്കര പൂച്ചക്കാട് സ്വദേശി അഹമ്മദിന്റെ മകനാണ് താജുദ്ദീൻ. ബേക്കൽ, കാസർകോട്, ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനുകളിൽ താജുവിന്റെ പേരിൽ പത്തോളം ക്രിമിനൽ കേസ്സുകൾ നിലവിലുണ്ട്.

ഒരു കേസ്സിൽ താജുവിനെ ഹൊസ്ദുർഗ്  കോടതി ശിക്ഷിച്ചിട്ടുണ്ട്. ബേക്കൽ പോലീസിൽ മാത്രം താജുവിന്റെ പേരിൽ 4 കേസ്സുകളുണ്ട്.

LatestDaily

Read Previous

സച്ചിയെ ഓർക്കുമ്പോൾ

Read Next

കാടങ്കോട് ജമാഅത്ത് ഫാഷൻ ഗോൾഡിൽ മുടക്കിയത് 20 ലക്ഷം