താജുവിന്റെ പേരിൽ എട്ട് ക്രിമിനൽ കേസ്സുകൾ

കാഞ്ഞങ്ങാട്: സിനിമാ രീതിയിൽ ഉദുമ പടിഞ്ഞാർ യുവാവിനെ അജാനൂർ ഇക്ബാൽ റെയിൽ ഗെയ്റ്റ് പരിസരത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ മുഖ്യപ്രതി താജുദ്ദീന്റെ 33, പേരിൽ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ എട്ട് ക്രിമിനൽ കേസ്സുകൾ.

പള്ളിക്കര പൂച്ചക്കാട് അരയാൽ തറയിലെ അഹമ്മദിന്റെ മകനാണ് അറിയപ്പെടുന്ന ക്രിമിനലായി വളർന്നു കഴിഞ്ഞ താജുദ്ദീൻ.

ബദിയടുക്ക പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 645/12 ഭവനഭേദനക്കേസ്സിൽ ഒന്നാം പ്രതിയാണ് താജു.

2012-ലാണ് ഈ കേസ്സിനാസ്പദമായ വീടുകവർച്ച ബദിയടുക്ക പോലീസ് പരിധിയിൽ നടന്നത്. ക്രൈംനമ്പർ 625/12 ഭവനഭേദനക്കേസ്സിലും താജുദ്ദീനാണ് ഒന്നാം പ്രതി.  ഈ കേസ്സും ബദിയടുക്കയിൽ തന്നെയാണ്. ഹൊസ്ദുർഗ്ഗ്  പോലീസ് 2012-ൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ നമ്പർ 1358/2012 ഭവനഭേദനം ഹൊസ്ദുർഗ്ഗ് പോലീസ് പരിധിയിലാണ്. ഈ ക്രൈമിലും താജു ഒന്നാം പ്രതിയാണ്.

ബേക്കൽ പോലീസ് 2013-ൽ രജിസ്റ്റർ ചെയ്ത ക്രൈം 32/13 കവർച്ചാക്കേസ്സലും, മുഖ്യ പ്രതി താജുദ്ദീനാണ്. ബേക്കൽ ക്രൈം നമ്പർ 48/2014 അടിപിടിക്കേസ്സിലും താജുവാണ് ഒന്നാം പ്രതി.

2019-ൽ ബേക്കൽ പോലീസ് താജുവിനെ ഒന്നാം പ്രതി ചേർത്ത് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസ്സിന്റെ ക്രൈം നമ്പർ 312/2019 ആണ്.

ഹൊസ്ദുർഗ്ഗ് പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 350/2020 വധശ്രമക്കേസ്സിൽ ഒന്നാം പ്രതി താജുവും രണ്ടാം പ്രതി ഈ യുവാവിന്റെ ഒളിവിലുള്ള ചങ്ങാതിയുമാണ്.

ജൂൺ 26-ന് അജാനൂർ ഇഖ്ബാൽ റെയിൽവെ ഗേറ്റ് ജംഗ്ഷനിലാണ് ഈ കൊലപാതകശ്രമം അരങ്ങേറിയത്.

പാതിരായ്ക്ക് താജു കഠാര കൊണ്ട് കുത്തിയത് ഉദുമ പടിഞ്ഞാർ സ്വദേശി അബ്ദുൾ മുനീറിന്റെ ഇടതു നെഞ്ചിലായതിനാൽ, മുനീറിനെ കൊലപ്പെടുത്തുക തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യം.

ഹൊസ്ദുർഗ്ഗിലേതുൾപ്പെടെ മൊത്തം 8 ക്രിമിനൽക്കേസ്സുകളുള്ള  താജുവിനെതിരെ ബേക്കൽ പോലീസ് ഒരു വർഷം മുമ്പ് നല്ല നടപ്പിന് ആർഡിഒ കോടതിയിൽ നൽകിയ റിപ്പോർട്ട് നിലവിലുള്ളപ്പോഴാണ്, കാഞ്ഞങ്ങാട്ട് ഇന്ത്യൻ ശിക്ഷാനിയമം 307 വധശ്രമക്കേസ്സിൽ ജുലായ് 3-ന് വെള്ളിയാഴ്ച താജുവിനെ ഹൊസ്ദുർഗ്ഗ് പോലീസ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സൈബർസെൽ ലൊക്കേഷൻ തപ്പി പോലീസ് തന്റെ താവളം കണ്ടെത്തുമെന്ന് മനസ്സിലാക്കിയ താജു, വധശ്രമം നടന്ന രാത്രിയിൽ കുത്തേറ്റ അബ്ദുൾ മുനീറിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ കൊച്ചിയിലെത്തുകയും, മറൈൻ ഡ്രൈവിലുള്ള ഹോട്ടൽ മുറിയിൽ തങ്ങുകയുമായിരുന്നു.

താജു പതിവായി ഉപയോഗിച്ചിരുന്ന സെൽഫോൺ  സിംകാർഡ് ഊരിക്കളയുകയും, വേറൊരു നമ്പർ ഉപയോഗിച്ചുകൊണ്ടുമാണ് ഇയാൾ ബുള്ളറ്റിൽ കൊച്ചിയിലെത്തിയത്.

കൊച്ചിയിൽ താജു ഉപയോഗിച്ച  ആ പഴയ സെൽനമ്പർ കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം. പി. വിനോദ് ഈയിടെ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിലുൾപ്പെട്ട പോലീസുദ്യോഗസ്ഥൻ തൃക്കരിപ്പൂർ സ്വദേശി പ്രഭേഷ് വൈക്കത്തിന്റെ ലാപ്ടോപ്പിലുണ്ടായിരുന്നു. കൊലപാതകശ്രമം നടന്ന രാത്രിയിൽ തനിച്ച് ബുള്ളറ്റോടിച്ച് എറണാകുളത്തേക്ക് കടന്ന താജുവിനെ ബേക്കൽ പോലീസ് പരിധിയിലുള്ള, താജുവിന്റെ ഏതാനും  രഹസ്യ താവളങ്ങളിൽ മൂന്ന് രാത്രികളിൽ നിറത്തോക്ക് കൈയ്യിൽക്കരുതി ഹൊസ്ദുർഗ്ഗ് ഐപി, പി. കെ. ഷൈനും പാർട്ടിയും കാടടച്ച് തപ്പിയിരുന്നുവെങ്കിലും, താജുവിന്റെ താവളം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

താജു ഉപയോഗിച്ചിരുന്ന പതിവു സെൽനമ്പർ സ്വിച്ചോഫിലാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ടീം അടുത്ത നടപടി ആലോചിച്ചു വരുന്നതിനിടയിലാണ്, പഴയ സെൽനമ്പർ പ്രഭേഷ് വൈക്കത്ത് തപ്പിയെടുത്തത്. ഈ നമ്പർ സൈബർ സെല്ലിന് ലഭിച്ചതോടെ, എറണാകുളം നഗരമാണ് താജുവിന്റെ ടവർ ലൊക്കേഷൻ കാണിച്ചത്. എസ്ഐ, കെ. രവീന്ദ്രന്റെ നേതൃത്വത്തിൽ നാലംഗ സ്പെഷ്യൽ സ്ക്വാഡ് ഒട്ടും ആലോചിച്ച് സമയം കളയാതെ കൊച്ചി നഗരത്തെ ലക്ഷ്യമിട്ട് രായ്ക്കുരാമാനം പ്രത്യേക വാഹനത്തിൽ കുതിക്കുകയും ചെയ്തു.

ജുലായ് 2-ന് പുലർകാലം മറൈൻ ഡ്രൈവിലുള്ള അഡോണൈ ലോഡ്ജിലെ 104-ാം നമ്പർ മുറിയുടെ വാതിലിൽ പോലീസ് തട്ടി വിളിച്ചപ്പോൾ, ഉറക്കച്ചടവോടുകൂടി ഈ മുറിയുടെ വാതിൽ തുറന്നത് താജുദ്ദീനാണ്. താജു അപ്പോഴും നല്ല കഞ്ചാവു ലഹരിയിലായിരുന്നു. തുറന്ന  മുറിയിൽ മുഴുവൻ കഞ്ചാവിന്റെ കത്തുന്ന ഗന്ധമായിരുന്നു.താജു ഹൊസ്ദുർഗ്ഗ് കോടതിയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ കോറന്റൈൻ കേന്ദ്രത്തിലാണ്.

LatestDaily

Read Previous

ഇമ്മിണി ബല്യ ബഷീർ: നാളെ വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനം

Read Next

കുഴൽപ്പണത്തട്ടിപ്പ്: കാഞ്ഞങ്ങാട് യുവാവ് പരിയാരത്ത് പിടിയിൽ