ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ശ്രീനഗർ: ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ തീവ്രവാദ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) പ്രവർത്തകനും ബിട്ടാ കരാട്ടെ എന്നറിയപ്പെടുന്ന ഫാറൂഖ് അഹമ്മദ് ദാറിന്‍റെ ഭാര്യയും ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥയുമായ അസ്ബ അർസൂമന്ദ് ഖാൻ , ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാഹുദ്ദീന്‍റെ മകൻ സയ്യിദ് അബ്ദുൽ മുയീദ് (ജമ്മു കശ്മീർ എന്റർപ്രണർഷിപ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഐടി മാനേജർ), മുഹീത് അഹമ്മദ് ഭട്ട് (കശ്മീർ സർവകലാശാല ശാസ്ത്രജ്ഞൻ), മജീദ് ഹുസൈൻ ഖാദ്രി (കശ്മീർ സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് പ്രഫസർ) എന്നിവരെയാണ് പുറത്താക്കിയത്.
ഭീകര സംഘടനകളുമായും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് ജമ്മു കശ്മീർ സർക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അസ്ബ അർസൂമന്ദ് ഖാനെ പുറത്താക്കിയത് എന്ന് വ്യക്തമാക്കി. ഭർത്താവ് ബിട്ട കരാട്ടെയുടെ വിചാരണയ്ക്കിടെയാണ് അസ്ബയുടെ തീവ്രവാദ ബന്ധം പുറത്തായത്.2003ൽ ഷെർ ഇ കശ്മീർ കാർഷിക സർവകലാശാലയിലാണ് അസ്ബ ആദ്യമായി ജോലി ചെയ്തത്.
2003 നും 2007 നും ഇടയിൽ മാസങ്ങളോളം അസ്ബ ജോലിയിൽ നിന്ന് അവധിയെടുതെന്നും എന്നാൽ അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവിൽ, 2007 ഓഗസ്റ്റിൽ, അസ്ബയെ ജോലിയിൽ നിന്ന് പുറത്താക്കി. അവധിയെടുത്ത സമയത്ത് അസ്ബ ജർമ്മനി, യുകെ, ഹെൽസിങ്കി, ശ്രീലങ്ക, തായ്ലൻഡ് എന്നിവിടങ്ങളിലേക്ക് പോയി.