ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തെലങ്കാന: തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സും ആക്റ്റീവ് തെലുഗു ഫിലിം പ്രൊഡ്യൂസേഴ്സ് ഗിൽഡും തെലുങ്ക് സിനിമകൾ റിലീസ് ചെയ്ത് 8 ആഴ്ചകൾക്ക് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കൂ എന്ന് തീരുമാനിച്ചു. ഒ.ടി.ടി പ്രദർശനങ്ങൾ, നിർമാണ ചെലവ് ചുരുക്കൽ, മറ്റു അസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനായി ഷൂട്ടിങ്ങുകൾ നിർത്തിവച്ചിരുന്ന സാഹചര്യത്തിലാണ് തീരുമാന പ്രഖ്യാപനം.
പുതിയ തീരുമാനം അനുസരിച്ച് 8 ആഴ്ചത്തേക്ക് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമേ സിനിമകൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുകയുള്ളൂ. നിലവിൽ കരാറിൽ ഏർപ്പെട്ടിരിക്കുന്ന സിനിമകൾക്ക് അതിനനുസരിച്ച് സിനിമ പ്രദർശിപ്പിക്കാൻ കഴിയും. എന്നാൽ, വരാനിരിക്കുന്ന ചിത്രങ്ങൾ റിലീസ് ചെയ്ത് കുറഞ്ഞത് 50 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാൻ കഴിയൂ. ഇതിനുപുറമെ, തിയേറ്ററുകളിലെ ഭക്ഷ്യോത്പന്നങ്ങളുടെ വില കുറയ്ക്കാനും മൂവി മെമ്പേഴ്സ് അസോസിയേഷനിലെ (എംഎഎ) അംഗങ്ങളുടെ ചെലവ് ചുരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സിനിമാപ്രവർത്തകരുടെ വേതനം സംബന്ധിച്ച് തീരുമാനമെടുത്തതോടെ നിലവിൽ നിർത്തിവച്ചിരിക്കുന്ന ഷൂട്ടിംഗ് തുടരാനാണ് തീരുമാനം.
നേരത്തെ ബോളിവുഡ് സിനിമകളും സമാനമായ സാഹചര്യത്തിൽ വിൻഡോ സമയം നീട്ടിയിരുന്നു. തെലുങ്ക് സിനിമാ വ്യവസായം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സംഘടനകൾ തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇത് നടപ്പാക്കുന്നതിന് ആവശ്യമായ ചർച്ചകൾ മറ്റ് സംഘടനകളുമായും മൾട്ടിപ്ലക്സുകളുമായും നടത്തിവരികയാണെന്ന് നിർമ്മാതാവും ആക്ടീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗിൽഡ് പ്രസിഡന്‍റുമായ ദിൽ രാജു പറഞ്ഞു.