കൗമാര ആത്മഹത്യകളിൽ പരിഹാരമുണ്ടാകണം

മണിക്കൂറുകളുടെ ഇടവേളയിൽ ജില്ലയിൽ രണ്ട് കൗമാരപ്രായക്കാർ ആത്മഹത്യ ചെയ്ത വാർത്ത  ഞെട്ടലോടെയാണ് കഴിഞ്ഞ ദിവസം ജില്ല കേട്ടത്.  ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കും മുമ്പാണ് രണ്ട് പെൺകുട്ടികൾ തങ്ങളുടെ കുടുംബങ്ങളിൽ കണ്ണീർ വീഴ്ത്തി കടന്നുപോയത്. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ആത്മഹത്യകൾ സംസ്ഥാനത്ത് തന്നെ വർദ്ധിച്ചുവരുന്നുണ്ടെന്ന് വേണം കരുതാൻ. മലപ്പുറം ജില്ലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയും നിസ്സാരമായ ആകുലതകളെത്തുടർന്നുണ്ടായതാണ്. അടിക്കടി നടക്കുന്ന കൗമാര ആത്മഹത്യകളെക്കുറിച്ച് പഠനങ്ങൾ ആവശ്യമാണെന്ന് തന്നെയാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. നിസ്സാരപ്രശ്നങ്ങൾ  പർവ്വതീകരിച്ചുണ്ടാക്കിയ മാനസിക പ്രശ്നങ്ങളാണ് കൗമാര ആത്മഹത്യകൾക്ക് പിന്നിലെന്ന് വേണം കരുതാൻ. മലപ്പുറത്ത് ദേവിക എന്ന വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തത് തന്റെ വിദ്യാഭ്യാസം മുടങ്ങുമോ എന്ന അടിസ്ഥനമില്ലാത്ത ആശങ്കയിലാണ്. നിസ്സാര പ്രശ്നങ്ങളോട്പോലും പ്രതികരിക്കാൻ പറ്റാത്ത വിധത്തിൽ മനക്കട്ടിയില്ലാത്ത വിധം കുട്ടികൾ പെരുമാറുന്നത് എന്തിനെന്ന് പഠനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്ന് പറയാതെ വയ്യ.

കുടുംബബന്ധങ്ങളിലും, സാമൂഹിക ക്രമങ്ങളിലും കാലാനുസൃതമായി വന്ന മാറ്റങ്ങൾ കുട്ടികളുടെ മാനസിക ഘടനയെയും മാറ്റി മറിച്ചിട്ടുണ്ട്. രക്ഷിതാക്കൾ വഴക്കുപറഞ്ഞാലോ, പരീക്ഷയിൽ മാർക്കു കുറഞ്ഞാലോ ആത്മഹത്യ ചെയ്യുന്ന കുട്ടികളിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നതും അപകടകരമായ യാഥാർത്ഥ്യമാണ്. വളരുന്ന തലമുറ സ്വന്തം കാര്യം മാത്രം നോക്കി തന്റേതായ സ്വാർത്ഥ ലോകങ്ങളിൽ ജീവിക്കുന്നവരാണ് എന്നതാണ് യാഥാർത്ഥ്യം. ഇത്തരം സ്വാർത്ഥ ചിന്തകൾ കുട്ടികളിൽ കടന്നുകൂടുന്നതിന് കാരണക്കാർ സമൂഹവും, കുടുംബവ്യവസ്ഥിതിയുമാണ്. പരസ്പരം പങ്കിട്ട് ജീവിച്ചിരുന്ന സാമൂഹ്യ വ്യവസ്ഥയും, കുടുംബവ്യവസ്ഥയും പിന്നിട്ട് അവനവന്റെ ലോകത്തേയ്ക്ക് ചുരുങ്ങിയ സാമൂഹ്യ ഘടനയിൽ നിന്നും സ്വാർത്ഥതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനും വയ്യ. കൗമാരപ്രായക്കാരിലെ ആത്മഹത്യ പ്രവണതകൾ കുറയ്ക്കാൻ മനഃശാസ്തരപരമായ കൗൺസിലിങ്ങല്ലാതെ മറ്റ് വഴികളില്ല. ഇത്തരത്തിലുള്ള ക്ലിനിക്കിൽ കൗൺസിലിങ്ങ് കുട്ടികൾക്ക് ചെറുപ്രായം മുതൽ ലഭിക്കേണ്ടതുമാണ്.

ഈ വിഷയത്തിൽ സർക്കാരിന്റെ സജീവ ശ്രദ്ധ ആവശ്യമാണ്. ശാരീരികമായ ആരോഗ്യവിഷയങ്ങൾക്കുപരി കുട്ടികളുടെ മാനസികമായ ആരോഗ്യത്തിലും അധികൃതരുടെ ശ്രദ്ധ പതിയേണ്ടതാണ്. ചെറുപ്രായം മുതൽ ഇത്തരത്തിലുള്ള കൗൺസിലിങ്ങ് നൽകുന്നത് വഴി കുട്ടികളെ ആരോഗ്യമുള്ള മനസ്സിന്റെ ഉടമകളാക്കാൻ കഴിയും. കൗമാരപ്രായക്കാരായ മക്കളുള്ള രക്ഷിതാക്കളും മക്കളുടെ കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. പുതിയ കാലത്തെ കൗമാര ചിന്തകളും, ജീവിത രീതികളും തങ്ങൾ ജീവിച്ച് കാലത്തുള്ളതാകണമെന്ന് രക്ഷിതാക്കൾ വാശിപിടിക്കാതിരിക്കുന്നതാണ് നല്ലത്. ആധുനിക കാലത്തെ കൗമാരജീവിതം പൊട്ടിത്തെറികളും, ആത്മസംഘർഷങ്ങളും നിറഞ്ഞതാമെന്ന തിരിച്ചറിവാണ് രക്ഷിതാക്കൾക്ക് വേണ്ടത്.

Read Previous

പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്: 8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 25 ലിറ്റര്‍ വാഷും പിടികൂടി

Read Next

കൊറോണ തൊഴില്‍മേഖലയെ ബാധിക്കുമ്പോള്‍