കോൺഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ പണം നിക്ഷേപിച്ച മുൻ അധ്യാപകൻ ഊരാക്കുടുക്കിൽ

കാഞ്ഞങ്ങാട്: കോൺഗ്രസ് നിന്ത്രണത്തിലുള്ള കാസർകോട് റബ്ബർമാർക്കറ്റിംഗ് സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ച മുൻ അധ്യാപകൻ നിക്ഷേപിച്ച തുക തിരികെ കിട്ടാൻഓഫീസുകൾ കയറിയിറങ്ങുന്നു.

പരപ്പ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ മുൻ അധ്യാപകനും കാലിച്ചാനടുക്കത്ത് താമസക്കാരനുമായ ജോയി ജോസഫ് താഴത്തു വീട്ടിലാണ് നിക്ഷേപ കാലാവധി പൂർത്തിയായ തന്റെ പണം തിരികെ കിട്ടാൻ 2 വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നത്. 2013- 14 വർഷത്തിലാണ് ജോയി ജോസഫ് ചിറ്റാരിക്കാലിലെ കാസർകോട് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പരപ്പ ശാഖയിൽ 465000 രൂപ നിക്ഷേപിച്ചത്. ആകർഷകമായ പലിശ വാഗ്ദാനം ലഭിച്ചതിനെത്തുടർന്നാണ് പണം നിക്ഷേപിച്ചത്.

2018 ൽ കാലാവധി അവസാനിക്കുന്ന തരത്തിലാണ് പണം നിക്ഷേപിച്ചത്. ഇദ്ദേഹം പോസ്റ്റൽ ലൈഫ് ഇൻഷുറൻസിൽ ചേർന്ന് സ്വരൂപിച്ച തുകയാണ് കാസർകോട് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പരപ്പ ശാഖയിൽ നിക്ഷേപിച്ചത്. 2018 മാർച്ചിൽ നിക്ഷേപത്തിന്റെ കാലാവധി അവസാനിപ്പിച്ചിട്ടും ജോയി ജോസഫിന് നിക്ഷേപത്തുക തിരികെ കിട്ടിയില്ല. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി മുൻ കരുതലായി നീക്കിവെച്ച തുകയാണ് ഇദ്ദേഹം നക്ഷേപിച്ചത്.

നിക്ഷേപ കാലാവധി പൂർത്തിയായി 2 വർഷം തികഞ്ഞിട്ടും ജോയി ജോസഫിന്റെ പണം തിരികെ കൊടുക്കാതെ സൊസൈറ്റി അധികൃതർ ഇദ്ദേഹത്തെ വട്ടം കറക്കുകയാണ്. ഈ വിഷയത്തിൽ ഇദ്ദേഹം സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർക്ക് പരാതി കൊടുത്തിരുന്നു.

2018 ഓഗസ്റ്റ് മാസത്തിൽ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർക്ക് കൊടുത്ത പരാതിപ്രകാരം നിക്ഷേപത്തുക ഉടൻ തിരികെ നൽകണമെന്ന് ഉത്തരവുണ്ടെങ്കിലും റബ്ബർ സൊസൈറ്റി അധികൃതർ ഉത്തരവ് പാലിക്കാതെ ഉരുണ്ട് കളിക്കുകയാണെന്നാണ് ജോയി ജോസഫിന്റെ പരാതി. കാസർകോട് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥലം വിറ്റാൽ മാത്രമേ നിക്ഷേപത്തുക തിരികെ ലഭിക്കുകയുള്ളുവെന്ന് സൊസൈറ്റി അധികൃതർ അറിയിച്ചതായി ജോയി ജോസഫ് പറഞ്ഞു.

കാസർകോട് ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച നിരവധിപേർ സമാനമായ രീതിയിൽ തട്ടിപ്പിനിരയായിട്ടുണ്ട്. കോടികളുടെ മൂലധനമുണ്ടായിരുന്ന സൊസൈറ്റിയെ ഇന്നത്തെ നിലയിലാക്കിയതിന് പിന്നിൽ സൊസൈറ്റിയുടെ ഭരണ സമിതിയാണ് കാരണക്കാർ.

LatestDaily

Read Previous

നിരീക്ഷണ ക്യാമറ ഓഫാക്കിയ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ നടപടിയായില്ല

Read Next

ദക്ഷിണ കന്നടയിലേക്ക് പാസ് അനുവദിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ ധാരണ