ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ : എം. സി. ഖമറുദ്ദീൻ എംഎൽഏ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ. ജി. സി. ബഷീർ എന്നിവരുടെ ഭാരവാഹിത്വത്തിൽ തൃക്കരിപ്പൂരിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന തൃക്കരിപ്പൂർ ആർട്സ് ആന്റ് സയൻസ് കോളേജ് എന്ന സ്വാശ്രയ കോളേജ് പിലിക്കോട് പഞ്ചായത്തിലെ സിപിഎം ശക്തി കേന്ദ്രമായ പുത്തിലോട്ട് സ്ഥാപിക്കാനുള്ള നീക്കത്തിന് സിപിഎം ജില്ലാക്കമ്മിറ്റി തടയിട്ടു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ചതുപോലെയാണ് ടാസ്ക്ക് കോളേജ് പുതിയ സ്ഥലത്തേയ്ക്ക് മാറ്റാൻ ഏതാനും പേർ രംഗത്തെത്തിയത്. പുത്തിലോട്ട് പുതിയതായി കെട്ടിടം നിർമ്മിച്ച് കോളേജ് അങ്ങോട്ട് മാറ്റാനാണ് പുതിയ ഭാരവാഹികൾ ലക്ഷ്യമിട്ടിരുന്നത്. കെട്ടിട നിർമ്മാണത്തിന് തറക്കല്ലിടാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീലിനെയും കമ്മിറ്റി ക്ഷണിച്ചിരുന്നു. തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും മന്ത്രിയെ സിപിഎം ജില്ലാക്കമ്മിറ്റി വിലക്കിയതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന ചടങ്ങ് നടന്നില്ല.
ജനുവരി 5– നാണ് ടാസ്ക്ക് കോളേജിന്റെ പുതിയ ഭാരവാഹികൾ തൃക്കരിപ്പൂരിൽ പത്രസമ്മേളനം നടത്തി പുത്തിലോട്ടെ തറക്കല്ലിടൽ ചടങ്ങ് പ്രഖ്യാപിച്ചത്. തൃക്കരിപ്പൂർ എംഎൽഏ, എം. രാജഗോപാലനെയാണ് അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി. പി. പ്രസന്നകുമാരിയെയാണ് ലോഗോ പ്രകാശനത്തിനായി ക്ഷണിച്ചത്.
അടുത്ത അധ്യയന വർഷം മുതൽ പുത്തിലോട്ടെ പുതിയ കെട്ടിടത്തിൽ ക്ലാസ് ആരംഭിക്കുമെന്നായിരുന്നു പത്രസമ്മേളനത്തിലുണ്ടായ പ്രഖ്യാപനം. കോളേജ് പ്രിൻസിപ്പൽ കെ. വി. ഉണ്ണികൃഷ്ണൻ, പി. പി. അബ്ദുൾ റഹ്മാൻ, കെ. ടി. അഷ്റഫ്, എം. സുലൈമാൻ, വാഹിദ് അഹമ്മദ് എന്നിവരാണ് ചൊവ്വാഴ്ച നടന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്തത്. ജില്ലയിൽ ഏറെ വിവാദമായ വഖഫ് ഭൂമി തട്ടിയെടുക്കൽ വിഷയമടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമായ ടാസ്ക് കോളേജിന് മന്ത്രി തറക്കല്ലിട്ടാലുള്ള അപകടം മണത്തറിഞ്ഞാണ് സിപിഎം ജില്ലാക്കമ്മിറ്റി വിഷയത്തിലിടപെട്ട് മന്ത്രിയെ തറക്കല്ലിടൽ ചടങ്ങിൽ നിന്നും പിന്തിരിപ്പിച്ചത്.
എം. സി. ഖമറുദ്ദീൻ എംഎൽഏ മുഖ്യഭാരവാഹിയായ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ ആർട്സ് ആന്റ് സയൻസ് കോളേജെന്ന ടാസ്ക് കോളേജ് തൃക്കരിപ്പൂർ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എം . സി. ഖമറുദ്ദീന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ജെംസ് സ്കൂൾ ചുളുവിലയ്ക്ക് തട്ടിയെടുത്തത്. വഖഫ് ഭൂമി നിസ്സാര വിലയ്ക്ക് തട്ടിയെടുത്തത് വിവാദമായതോടെയാണ് ഭൂമിയും കെട്ടിടവും തിരികെ നൽകി എംഎൽഏ തടിയൂരിയത്.
ടാസ്ക് കോളേജിന്റെ ഭാരവാഹികളെന്ന പേരിൽ പുതുതായി പ്രത്യക്ഷപ്പെട്ടവർ പഴയ കമ്മിറ്റി ഭാരവാഹികളുടെ ബിനാമികളാണെന്നാണ് സംശയം. സിപിഎം കൊടക്കാട് ലോക്കൽ സിക്രട്ടറി സുകുമാരൻ വെള്ളച്ചാലിനെയും സംഘം കണ്ടിരുന്നു. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ടാസ്ക് കോളേജിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ കോളേജിന്റെ അംഗീകാരം റദ്ദാക്കുമെന്ന് കണ്ണൂർ സർവ്വകലാശാല കോളേജ് അധികൃതർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചതുപോലെ എ. സി. ഖമറുദ്ദീനും സംഘവും കോളേജിനു വേണ്ടിയും പലരിൽ നിന്നും വൻതോതിൽ പണപ്പിരിവ് നടത്തിയിട്ടുണ്ട്.