സ്വപ്‌നയ്ക്കു വ്യാജസര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് പെരിന്തല്‍മണ്ണ സംഘം?

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് 2017 ല്‍. അന്വേഷണം നടത്തിയില്ല.

കൊച്ചി : കേരളത്തിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റും വിദേശ എംബസികളുടെ സീലുകളും തയാറാക്കി നല്‍കുന്ന മാഫിയ സജീവമെന്നു പരാതി. ഇത്തരം വ്യാജസര്‍ട്ടിഫിക്കറ്റും സീലും ഉപയോഗിച്ചു വിദേശത്തു ജോലിക്കെത്തുന്നവരുടെ എണ്ണം കൂടിവരികയാണെന്നും ആരോപണം. മറ്റു സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. നയതന്ത്ര സ്വര്‍ണക്കേസിലെ പ്രതി സ്വപ്‌നയ്ക്കു വ്യാജസര്‍ട്ടിഫിക്കറ്റു തയാറാക്കിനല്‍കിയതു പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് മാഫിയ ആണെന്നു സംശയം.

കോഴിക്കോട് സര്‍വകലാശാലയുടെ പേരിലുള്ള വ്യാജബിരുദ സര്‍ട്ടിഫിക്കറ്റിനെപ്പറ്റി കണ്ണൂര്‍ സ്വദേശിനി ഹയന സഹദേവന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. മൂന്നുവര്‍ഷം മുമ്പ് പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ തയാറായിട്ടില്ലെന്നു കാട്ടി മുഖ്യമന്ത്രിക്കു വീണ്ടും പരാതി നല്‍കിയതോടെയാണു അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.

2017 ലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലേക്ക് അന്വേഷണത്തിനായി െകെമാറിയതായി അറിയിച്ചു മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടു വന്നിരുന്നില്ല. പതിനായിരക്കണക്കിനു പരാതിയുണ്ടെന്നും എങ്ങനെ അന്വേഷിക്കുമെന്നുമായിരുന്നു ടൗണ്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷം ഹയനയെ അറിയിച്ചത്.

ഡി.ജി.പിക്കും നോര്‍ക്കയ്ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിരുന്നു. കണ്ണൂര്‍ തെക്കിയില്‍ സ്വദേശി ഷാജി എന്നയാളുടെ ദുബായിലുള്ള കമ്പനിയിലെ എച്ച്.ആര്‍. വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഹയന. ഈ സമയത്താണു ജോലിക്കായി കണ്ണൂരില്‍ നിന്നുള്ള ചിലരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്‌ക്കെത്തിയത്.
ഇവരെ നേരിട്ടറിയാവുന്നതിനാല്‍ ബിരുദധാരികളല്ലെന്നു വ്യക്തമാക്കി എന്‍ട്രി ചെയ്യാന്‍ താന്‍ സമ്മതിച്ചില്ല. എന്നാല്‍ അക്കാര്യം അന്വേഷിക്കേണ്ടതില്ലെന്നും വിസക്കായി അപേക്ഷിക്കാനുമായിരുന്നു ഷാജിയുടെ നിര്‍ദേശം. വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞാല്‍ ആദ്യം പ്രതിയാവുക യു.എ.ഇയിലെ നിയമപ്രകാരം എച്ച്.ആര്‍. വിഭാഗത്തില്‍ നിന്ന് അപേക്ഷ സമര്‍പ്പിച്ചയാളാണ്. അതറിയാവുന്നതിനാലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതെന്നു ഹയനയുടെ പരാതിയില്‍ പറയുന്നു.

ഇതിന്റെ പേരില്‍ തന്നെ ഒരുപാട് ഉപദ്രവിച്ചു. താന്‍ വിസമ്മതിച്ചതോടെ തന്റെ പാസ്‌പോര്‍ട്ടില്‍ വിസ കാന്‍സല്‍ ചെയ്തതായി യു.എ.ഇയുടെ വ്യാജസീല്‍ പതിപ്പിച്ചു. ഇതറിഞ്ഞു താന്‍ പുതിയ വിസയ്ക്കായി അപേക്ഷ നല്‍കിയപ്പോള്‍ പഴയ വിസ തീര്‍ന്നിട്ടില്ലെന്നായിരുന്നു മറുപടി. സീല്‍ വ്യാജമെന്നു നോര്‍ക്കയ്ക്കു പരാതി നല്‍കിയിട്ടും മറുപടി കിട്ടിയില്ല. കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവരാവകാശനിയമപ്രകാരം ചോദിച്ചപ്പോഴും ഇവരൊന്നും പരീക്ഷ എഴുതിയതായി രേഖയില്ലെന്നാണു മറുപടി ലഭിച്ചത്.

സര്‍ട്ടിഫിക്കറ്റിനു പിന്നിലെ എംബസിയുടെ അറ്റസ്‌റ്റേഷന്‍ സീലും വ്യാജമാണ്. ഇതോടെയാണു യുവതി മുഖ്യമന്ത്രിക്കു പരാതി അയച്ചത്. ഇപ്പോള്‍ ശിവശങ്കറുമായ വിവാദം വന്നപ്പോഴാണു തന്റെ പരാതി വീണ്ടും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നോര്‍ക്കയ്ക്കും ഫോര്‍വേഡ് ചെയ്തത്. നിരവധിപേര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലിക്കെത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

x (x)
 

LatestDaily

Read Previous

കൊടും വേനലില്‍ വൈദ്യുതി മുടങ്ങിയ ക്യാമ്പില്‍ മലയാളികളുള്‍പ്പെടെ 200ലധികം തൊഴിലാളികള്‍

Read Next

കുറ്റക്കാരനായി ഫ്രെയിം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല, വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു: അഹാന