അമിത് ഷായെ ക്ഷണിച്ചതിൽ വിസ്മയം;വി ഡി സതീശൻ

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

“നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് ആശ്ചര്യത്തോടെയാണ് നോക്കികാണുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചുവെന്നാരോപിച്ച് എൻ.കെ പ്രേമചന്ദ്രൻ എം.പിയെ സംഘി എന്ന് വിളിച്ച് അപമാനിച്ചവരാണ് സി.പി.എം നേതാക്കൾ. കേന്ദ്ര സർക്കാർ പദ്ധതിയിൽ പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥർ ക്ഷണിക്കുമ്പോൾ പ്രധാനമന്ത്രി വരരുതെന്ന് അവിടുത്തെ എംപിക്ക് പറയാൻ കഴിയുമോ? എന്നിട്ടും ആ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നേതാക്കൾ അദ്ദേഹത്തെ ‘പ്രധാനമന്ത്രിയെ ക്ഷണിച്ച സംഘി പ്രേമചന്ദ്രൻ’ എന്ന പേരിൽ അപമാനിച്ചു.

ഗുജറാത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസിൽ പോയതിന് ഷിബു ബേബി ജോണിന്‍റെ രാജി ആവശ്യപ്പെട്ട സി.പി.എം നേതാക്കൾക്ക് പിണറായി വിജയൻ അമിത് ഷായെ കേരളത്തിലേക്ക് ക്ഷണിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ആഗ്രഹമുണ്ട്. ബിൽക്കിസ് ബാനു സംഭവം നടക്കുമ്പോൾ അമിത് ഷായായിരുന്നു ഗുജറാത്ത് ആഭ്യന്തരമന്ത്രി. ബിൽക്കിസ് ബാനു കേസിൽ എല്ലാവരെയും കുറ്റവിമുക്തരാക്കിയ നടപടി ദേശീയ തലത്തിൽ ചർച്ചയാകുമ്പോൾ, കേരള മുഖ്യമന്ത്രി അമിത് ഷായെ വിളിച്ചതിന് പിന്നിലെ കാരണമെന്താണെന്ന് പറയണം.

ലാവലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാൻ പോകുന്നതാണോ അതോ സ്വർണക്കടത്ത് കേസാണോ വിഷയം? പകൽ ബിജെപി വിരോധവും രാത്രിയിൽ ബിജെപി നേതാക്കളുമായുള്ള ചർച്ചയുമാണ് കുറേ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്. വി.ഡി.സതീശൻ ആരോപിച്ചു.

K editor

Read Previous

ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Read Next

നീറ്റ് യു.ജി ഫലം സെപ്‌റ്റംബർ ഏഴിന് പ്രഖ്യാപിക്കും