ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡൽഹി: എസ്എൻസി ലാവലിൻ കേസിൽ സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ ഹർജി. നിരവധി തവണ മാറ്റിവച്ച ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റുകയാണെന്ന് അഭിഭാഷക ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് കേസ് പട്ടികയിൽ നിന്ന് നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ 2021 ഏപ്രിലിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. സുപ്രീം കോടതി വിധി മുഖ്യമന്ത്രിക്ക് എതിരായാൽ അത് കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയേക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. 2018 ജനുവരി 11നാണ് കേസിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. എന്നാൽ അതിനുശേഷം കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ 30ലധികം തവണയാണ് ഹർജികൾ മാറ്റിവച്ചത്. കേസില്‍ കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ.അശ്വതിയാണ് കേസ് നിരന്തരം മാറിപ്പോകുന്നത് കോടതിയിൽ ചൂണ്ടിക്കാട്ടിയത്.

K editor

Read Previous

വയനാട് നെന്മേനി ഗോവിന്ദമൂലയിൽ പുലിയിറങ്ങി

Read Next

കണ്ണൂരിൽ പേ വിഷബാധയേറ്റ് പശു ചത്തു; പുല്ലിൽ കൂടി പേ ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം