മോൺസണെതിരായ പോക്സോ കേസിൽ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി. മോൺസണെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ കേസ് ഉൾപ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോൺസണെതിരെയുള്ളത്.

നേരത്തെ മോൺസൺ മാവുങ്കലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണ് ബലാത്സംഗക്കേസുകളെന്ന് മോൺസൺ ആരോപിച്ചു. തന്നെ ജയിലിൽ അടയ്ക്കാൻ ഉന്നതതല ഗൂഢാലോചനയുണ്ട്. കേരള പൊലീസിലടക്കം സ്വാധീനമുള്ള ഒരു സ്ത്രീയാണ് ഈ കേസുകൾക്ക് പിന്നിലെന്നും മോൺസൺ ആരോപിച്ചിരുന്നു. പോക്സോ കേസിലെ പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് മോൺസൺ കോടതിയിൽ വാദിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോൺസനെതിരെ കൊച്ചി നോർത്ത് പൊലീസാണ് കേസെടുത്തത്. തുടർവിദ്യാഭ്യാസത്തിന് സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വച്ച് മോൺസൺ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. 2019ലാണ് ഇത് സംഭവിച്ചത്.
 

K editor

Read Previous

കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം; പ്രവേശനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

Read Next

കൺസഷന്റെ പേരിൽ മർദ്ദനം; കെഎസ്ആർടിസി ജീവനക്കാർ മുൻകൂർ ജാമ്യാപേക്ഷ നൽകി