ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഗുരുവായൂർ ദേവസ്വത്തിന് ഭക്തരിൽ നിന്ന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിൽ തെറ്റുണ്ടോയെന്ന് സുപ്രീം കോടതി. ഭക്തർ ക്ഷേത്രത്തിന് നൽകുന്ന പണം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ലേയെന്നും കോടതി ചോദിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാവില്ലെന്ന ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ തൽസ്ഥിതി തുടരാനാണ് സുപ്രീം കോടതിയുടെ നിർദേശം.
പ്രളയകാലത്തും കോവിഡ് കാലത്തും ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകിയിരുന്നു. എന്നാൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ദേവസ്വം ബോർഡിന്‍റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വം നിയമത്തിലെ സെക്ഷൻ 27 പ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് പണം നീക്കിവയ്ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
ഗുരുവായൂരപ്പന്‍റെ ഭക്തരുടെ താൽപര്യം കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതെന്ന് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ വാദിച്ചു. ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ല. ശ്രീകൃഷ്ണൻ ധർമ്മത്തിന്‍റെ പ്രചാരകനായിരുന്നു. അതിനാൽ ശ്രീകൃഷ്ണന്‍റെ പേരിലുള്ള ക്ഷേത്രത്തിന് പൊതു ജനങ്ങള്‍ക്കായി പണം ചെലവഴിക്കാവുന്നതാണെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ ആര്യാമ സുന്ദരം, ആര്‍. വെങ്കിട്ടരമണി, അഭിഭാഷകന്‍ എം. എല്‍. ജിഷ്ണു എന്നിവര്‍ ഹാജരായി.