Breaking News :

സുനിലിന് മടിക്കൈ ബാങ്കിൽ 3 കോടിക്ക് മുകളിൽ നിക്ഷേപം

കാഞ്ഞങ്ങാട്: ബ്ലേഡ് മാഫിയാ തലവൻ മടിക്കൈയിലെ സുനിൽ കടവത്തിന് 47, മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിൽ 3 കോടിക്ക് മുകളിൽ നിക്ഷേപം. സുനിലിന്റെ പേരിലും ബിനാമി പേരിലുമാണ് ഇത്രയും വലിയ തുകയ്ക്കുള്ള നിക്ഷേപം മടിക്കൈ ബാങ്കിന്റെ വിവിധ ശാഖകളിൽ സുനിൽ നിക്ഷേപിച്ചിട്ടുള്ളത്. ലക്ഷങ്ങൾ വരുന്ന പണം കഴിഞ്ഞ 15 വർഷക്കാലമായി സുനിൽ ബ്ലേഡിന് നൽകി വരികയാണ്.

മടിക്കൈ നൂഞ്ഞി സിപിഎം ബ്രാഞ്ചിൽ പാർട്ടി അംഗമായ സുനിൽ പാർട്ടി ആവശ്യപ്പെടുമ്പോഴെല്ലാം, പരസ്യമായി തന്നെ നല്ലൊരു തുക പാർട്ടിക്ക് സംഭാവന നൽകാറുണ്ട്.  മടിക്കൈ കണ്ടംകുട്ടിച്ചാലിലാണ് സുനിലും ഭാര്യയും താമസിച്ചു വരുന്നത്. ഇദ്ദേഹം ഇപ്പോൾ താമസിച്ചു വരുന്ന വീടും പറമ്പും ബ്ലേഡിന് ഈടു നൽകിയ വകയിൽ മറ്റൊരാളിൽ നിന്ന് സ്വന്തമാക്കിയതാണ്. മടിക്കൈ ബാങ്കിൽ കോടികളുടെ നിക്ഷേപത്തിന് പുറമെ സുനിലിന് സ്വർണ്ണ നിക്ഷേപവുമുണ്ട്. ബാങ്ക് ലോക്കറുകളിലാണ് സ്വർണ്ണാഭരണങ്ങൾ നിക്ഷേപിച്ചിട്ടുള്ളത്.

പാർട്ടിയുമായി അടുത്തു നിൽക്കുന്ന ആളാണെന്ന് തെളിയിക്കാനാണ്, കാസർകോട്ട് പാർട്ടി നൂറുകോടി ചിലവിൽ പണിയുന്ന ബഹുനില മന്ദിരത്തിന് സുനിൽ രണ്ടുപവൻ സ്വർണ്ണം പരസ്യമായി പൊതു വേദിയിൽ സംഭാവന നൽകിയത്. ഒരു വർഷം മുമ്പ് സുനിൽ പാർട്ടിക്ക് സ്വർണ്ണം സംഭാവന ചെയ്ത സംഭവം വലിയ പാർട്ടി കൂറായി പൊതു വേദിയിൽ അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സുനിൽ പാർട്ടി ജില്ലാ സിക്രട്ടറിക്ക് സ്വർണ്ണം സംഭാവനയായി നൽകുന്ന ചിത്രം അന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്തിരുന്നു.

Read Previous

കെഎസ്ഇബി ഉദ്യോഗസ്ഥന്റെ സെൽഫോൺ പത്ത് ദിവസം മുമ്പ് സ്വിച്ച് ഓഫിലായി

Read Next

മടിക്കൈയിൽ പത്തോളം ബ്ലേഡുകൾ