സുനിലിന് പാർട്ടി സംരക്ഷണം സുനിൽ മടിക്കൈയിൽ തന്നെയുണ്ട്

നീലേശ്വരം: മൂന്നുകോടി രൂപ ബാങ്ക് നിക്ഷേപമുള്ള വൻ ബ്ലേഡുകാരൻ മടിക്കൈ കണ്ടം കുട്ടിച്ചാലിലെ ബ്ലേഡ് സുനിലിന് 46, പാർട്ടി സംരക്ഷണം. ബ്ലേഡിന് പണം വാങ്ങി സുനിലിന്റെ ചതിയിൽപ്പെട്ട് ഈ യുവാവിന്റെ ഭീഷണിക്കിരയായ വീട്ടമ്മമാരുടെ പരാതികളിൽ കാഞ്ഞങ്ങാട്ടും നീലേശ്വരത്തും രണ്ട് കേസ്സുകളിൽ പ്രതിയായ സുനിലിനെ പാർട്ടി സംരക്ഷിക്കുന്നതായി മടിക്കൈയിലെ സിപിഎം അണികൾ കുറ്റപ്പെടുത്തി.

സുനിലിനോട് 80,000 രൂപ ബ്ലേഡിന് വാങ്ങി 1,60000 രൂപ തിരിച്ചു നൽകിയിട്ടും, 80,000 രൂപയുടെ മുതൽ ബാക്കിയുണ്ടെന്ന് പറഞ്ഞ് സുനിൽ നിരന്തരം ഭീഷണിപ്പെടുത്തിയ കോട്ടപ്പുറം വീട്ടമ്മ സമീറയുടെ പരാതിയിൽ സുനിലിനെ പ്രതി ചേർത്ത് നീലേശ്വരം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ട് മാസം ഒന്നു കഴിഞ്ഞു. തൊട്ടു പിന്നാലെ കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിൽ താമസിക്കുന്ന വീട്ടമ്മ പ്രസാദിന്റെ ഭാര്യ ഷീബയുടെ പരാതിയിൽ രണ്ടാമത്തെ കേസ്സ് സുനിലിനെ പ്രതി ചേർത്ത് രജിസ്റ്റർ ചെയ്തത് ഹോസ്ദുർഗ്ഗ് പോലീസാണ്.

സുനിൽ ജനിച്ചു വളർന്നത് മടിക്കൈ കണ്ടംകുട്ടിച്ചാൽ പ്രദേശത്താണ്. 5 വർഷക്കാലം ഗൾഫിലായിരുന്നു. തിരിച്ചു വന്ന സുനിൽ നാട്ടിൽ ചെറിയ രീതിയിൽ ബ്ലേഡ് തുടങ്ങിയെങ്കിലും, ഇപ്പോൾ ഈ നാൽപ്പത്തിയാറുകാരന്റെ ബ്ലേഡ് വ്യാപാരം ജില്ലയൊട്ടുക്കും പന്തലിച്ചു നിൽക്കുകയാണ്.

മടിക്കൈ ബാങ്കിൽ സുനിലിന് നിലവിലുള്ള നിക്ഷേപം 3 കോടിക്ക് മുകളിലാണ്.
സിപിഎം നൂഞ്ഞി ബ്രാഞ്ചംഗമായ സുനിൽ പാർട്ടി കാസർകോട് വിദ്യാനഗറിൽ നൂറു കോടി ചിലവിൽ പണിയുന്ന നാലു നില സൗധത്തിന് രണ്ടു പവൻ സ്വർണ്ണം സംഭാവനയായി പാർട്ടി ജില്ലാ സിക്രട്ടറിയെ പൊതു വേദിയിൽ നേരിട്ടേൽപ്പിച്ച ബ്ലേഡുകാരനാണ്. സുനിൽ കാസർകോട് ജില്ല വിട്ടു പോയെന്ന്, പോലീസ് അന്വേഷണ സംഘം പറയുന്നുണ്ടെങ്കിലും, സുനിൽ ഇപ്പോഴും മടിക്കൈ പ്രദേശത്തുള്ള രഹസ്യ കേന്ദ്രത്തിലാണ്.

പോലീസ് അന്വേഷിക്കുന്ന പ്രതി പട്ടാപ്പകൽ പോലും മടിക്കൈയിലും ബങ്കളത്തും സ്വന്തം കാറിൽ നാട്ടുകാർ കാൺകെ സഞ്ചരിക്കുന്നുണ്ട്. സുനിലിന് 2 കാറുകളും ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിളുമുണ്ട്. ഒരു കാർ വെളുത്ത നിറത്തിലുള്ള ഫോർഡ് എസ് യുവിയാണ്. മറ്റൊരു കാർ മാരുതി വാഗണറാണ്. ഈ കാറിന്റെ ചില്ലിൽ ജാസ്മിൻ എന്നെഴുതി വെച്ചിട്ടുണ്ട്.

വാഗണർ കാർ സുനിലിന്റെ ബ്ലേഡിൽ കുടുങ്ങിയയാളെ സുനിൽ ഭീഷണിപ്പെടുത്തി പിടിച്ചെടുത്തതാണ്. മടിക്കൈയിലെ ഏതാനും പ്രമുഖരുടെ കണക്കിൽപ്പെടാത്ത പണമാണ് സുനിൽ ബ്ലേഡിന് നൽകി നിർദ്ധനരുടെ കഴുത്തറുക്കുന്നത്. സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പോലും പാർട്ടി നേതൃത്വം ഇനിയും മനസ്സുവെച്ചിട്ടില്ല. സംഭവം മടിക്കൈ പാർട്ടി അണികളിൽ കടുത്ത പ്രതിഷേധമായി പടർന്നു പിടിച്ചിട്ടുണ്ട്.

Read Previous

കാണിയൂർ പാതയിൽ മന്ത്രി ചന്ദ്രശേഖരൻ പറയുന്ന അവ്യക്തത 2018-ൽ കേരള സർക്കാർ നീക്കിയിരുന്നു

Read Next

മേൽപ്പറമ്പിൽ വീടുവിട്ട പ്രതിശ്രുത വധു പഞ്ചാബ് പട്ടാള ക്യാമ്പിൽ