വന്ദനക്കും സുജാതക്കും വോട്ട് മറിയും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പിൽ വാർഡ് 14-ൽ മൽസരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി വന്ദന റാവുവിനും, വാർഡ് 4-ൽ മൽസരിക്കുന്ന സിപിഎം ചെയർപേഴ്സൺ സ്ഥാനാർത്ഥി സുജാത ടീച്ചർക്കും വോട്ടു മറിയാൻ സാധ്യത. വന്ദന ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ സ്വർണ്ണവ്യാപാരി എം. ബൽരാജിന്റെ ഭാര്യയാണ്.

പുതിയ കോട്ട ടൗൺ ഉൾപ്പെടുന്ന വാർഡ് 14-ൽ സിപിഎം വോട്ടുകൾ വന്ദനയ്ക്ക് മറിയുമ്പോൾ, വാർഡ് 4-ൽ അതിയാമ്പൂരിൽ ബിജെപി വോട്ടുകൾ സുജാത ടീച്ചർക്ക് മറിയാനുള്ള സാധ്യതകൾ ഏതാണ്ട് അണിയറയിൽ രൂപപ്പെട്ടു കഴിഞ്ഞു. വി. വി. രമേശൻ മൽസരിക്കുന്ന മാതോത്ത് വാർഡ് 17-ൽ ഇത്തവണ 70 ബിജെപി വോട്ടുകളുണ്ട്.ഈ വോട്ടുകളിൽ ഭൂരിഭാഗവും സ്വർണ്ണവ്യാപാരി എം. നാഗരാജന്റെ കുടുംബവും, ഭാര്യ ദീപയുടെ കുടുംബത്തിന്റേയും കൈകളിലാണ്.

നഗരപരിധിയിൽ മറ്റ് നിരവധി വാർഡുകൾ ഉണ്ടായിട്ടും നാഗരാജന്റെ ഭൂസ്വത്തുക്കളും, കുടുംബ വീടും നക്ഷത്ര ഹോട്ടലുമുൾപ്പെടുന്ന വാർഡിലാണ് മുൻ ചെയർമാൻ വി. വി. രമേശൻ മൽസരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വന്ദനയുടെ വാർഡിൽ 150 ബിജെപി വോട്ടുകളും, 175 യുഡിഎഫ് വോട്ടുകളുമുണ്ട്. സിപിഎമ്മിന് ഈ വാർഡിൽ 90 വോട്ടുകളാണ്. വന്ദന വിജയിക്കുകയും ഇടതുപക്ഷത്തിനും യുഡിഎഫിനും തുല്ല്യ നിലയിൽ സീറ്റുകൾ ലഭിച്ചാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച വന്ദനയെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ഇരുമുന്നണികൾക്കും ഭരണത്തിൽ പങ്കാളികളാകാനുള്ള രാഷ്ട്രീയ തുറുപ്പുചീട്ടാണ് കാഞ്ഞങ്ങാട്ട് കളത്തിലിറക്കിയത്.

ഈ അവിശുദ്ധ ഫോർമുലയ്ക്കുള്ള തെളിവായി പുറത്തു വരുന്നത് “വന്ദന ബിജെപി സ്വതന്ത്രയാണെന്ന്” പത്രങ്ങളിൽ വരാതിരിക്കാൻ വന്ദനയുമായി ഏറ്റവുമടുത്ത് ബന്ധപ്പെട്ട ചില പ്രമുഖർ കാഞ്ഞങ്ങാട്ടെ മുഖ്യധാരാ പത്രപ്രതിനിധികളെ നേരിട്ടുകണ്ട് നടത്തിയ അഭ്യർത്ഥന തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പായാലും കാഞ്ഞങ്ങാട്ട് മറനീക്കി പുറത്തുവന്ന സിപിഎം- ബിജെപി രഹസ്യബാന്ധവം വോട്ടർമാരിൽ അങ്കലാപ്പും പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്.

LatestDaily

Read Previous

മുക്കാൽ ലക്ഷത്തിന്റെ കൈക്കൂലി പുകയുന്നു

Read Next

മുസ്്ലീം ലീഗ് ജീല്ലാ പ്രവർത്തക സമിതിയംഗം പി.എ.റഹ്മാൻ പാർട്ടി വിട്ടു സിപിഎമ്മുമായി സഹകരിക്കും