തുടർച്ചയായ ആത്മഹത്യകളിൽ വലഞ്ഞ് പോലീസ്

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന 3 ആത്മഹത്യകൾ പോലീസിനെ വട്ടം കറക്കി.

വ്യാഴാഴ്ച രാത്രി തമിഴ്നാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിറകെ ബലിപെരുന്നാൾ ദിവസം രണ്ടിടങ്ങളിലായി 2 ആത്മഹത്യകൾ കൂടി നടന്നതോടെയാണ് പോലീസ് വെള്ളം കുടിച്ചത്.

ജൂലെ 30 വെള്ളിയാഴ്ച രാത്രിയാണ് തമിഴ്നാട് സ്വദേശിയും വിറക് വെട്ടുകാരനുമായ തിരുമറൈ 35, മീനാപ്പീസിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിനകത്തു നിന്നും ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചത്.തുടർന്ന് പോലീസ്  നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്.

ബലി പെരുന്നാൾ ദിനമായ വെള്ളിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്  പടന്നക്കാട് കരുവളത്തും, ചാമുണ്ഡിക്കുന്നിലുമായി രണ്ട് പേർ തൂങ്ങി മരിച്ചത്.

കരുവളത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മലപ്പുറത്തെ  മുഹ്സിന്റെയും,  കൊളവയലിലെ ഫാത്തിമയുടെയും മകൻ അജ്മലാണ് 27, വീടിനുള്ളിൽ കെട്ടിത്തൂങ്ങി മരിച്ചത്.

മാതാവിനെ കടയിൽ സാധനം വാങ്ങാൻ പറഞ്ഞുവിട്ട ശേഷം അജ്മൽ വീടിനകത്തു കയറി വാതിലടച്ച് അടുക്കളയിൽ കെട്ടിത്തൂങ്ങി  മരിക്കുകയായിരുന്നു. യുവാവ് പെയിന്റിങ്ങ് തൊഴിലാളിയായിരുന്നു.

ചാമുണ്ഡിക്കുന്ന് വിഷ്ണുമൂർത്തി ക്ഷേത്ര പരിസരത്തെ പരേതരായ കൊട്ടൻ- ജാനകി ദമ്പതികളുടെ മകൻ സതീശനാണ് 40, ഇന്നലെ ആത്മഹത്യ ചെയ്ത രണ്ടാമൻ. പെയിന്റിങ്ങ് തൊഴിലാളിയാണിദ്ദേഹം.

മീനാപ്പീസിൽ ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശി തിരുമറൈ വളരെക്കാലമായി കാഞ്ഞങ്ങാട്ട്  വിറക് വെട്ട് ജോലിയെടുക്കുന്നയാളാണ്.

ഇദ്ദേഹത്തിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. മൂന്ന് മൃതദേഹങ്ങളും കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മൃതദേഹങ്ങൾ കോവിഡ് മാനദണ്ഡപ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

നാരായണൻ, സുജിത്ത് (ഗൾഫ്), പരേതനായ വിശ്വൻ എന്നിവർ സതീശന്റെ സഹോദരങ്ങളാണ്. വീഴ്ചയെത്തുടർന്ന്  തുടയെല്ല് തകർന്ന സതീശന് ഡോക്ടർമാർ ശസ്ത്രക്രിയ വിധിച്ചിരുന്നു. ശസ്ത്രക്രിയ നടക്കാനിരിക്കെയാണ് ഇദ്ദേഹം ആത്മഹ്ത്യ ചെയ്തത്.

LatestDaily

Read Previous

ചുമട്ട് തൊഴിലാളി വാഹനാപകടത്തിൽ മരിച്ചു

Read Next

ജീപ്പിനിടിച്ച ലോറി ഡ്രൈവറെ തേടുന്നു