ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൈരളിയെ കാവ്യഗന്ധാനുലേപനത്താൽ സുഗന്ധപൂരിതമാക്കിയാണ് കവയിത്രി സുഗതകുമാരി ജീവിതത്തിന്റെ ഉടുപ്പുകൾ മാറ്റി കാലയവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞിരിക്കുന്നത്. സുഗതകുമാരിയുടെ ജീവിതം പോലെ തന്നെ സൗമ്യവും ലളിതവുമായിരുന്നു അവരുടെ രചനകളും. മൃതിയെ മറന്നൊരു പാൽച്ചിരികണ്ട് രസിക്കുന്ന പാവം മാനവ ഹൃദയത്തെക്കുറിച്ചുള്ള കവിതകളെഴുതിയ സുഗതകുമാരി ജീവിതകാലം മുഴുവനും മനുഷ്യ സ്നേഹത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും പ്രവാചകയായി ജീവിതം ജീവിച്ചു തീർത്ത വ്യക്തി കൂടിയാണ്.
വസുധൈവ കുടുംബകം എന്ന വിശാലമായ ജീവിത സങ്കൽപ്പത്തിനുടമയായ ഇവർ സംസാരിച്ചതും, തൂലിക ചലിപ്പിച്ചതും പ്രകൃതിക്ക് വേണ്ടിയും , സ്ത്രീ സമൂഹത്തിന് വേണ്ടിയുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ള അമ്മമാരുടെ വേദന പൂർണ്ണമായ വൈകാരികതയോടെ ചിത്രീകരിച്ച ‘കൊല്ലേണ്ടതെങ്ങിനെ’ എന്ന കവിത സുഗതകുമാരിയുടെ മികച്ച രചനകളിലൊന്നായത് അമ്മയുടെ സ്ഥാനത്തു നിന്നുള്ള ചിന്തയുടെ ഫലമായാണെന്ന് കാണാം. നനുത്ത രാത്രിമഴയുടെ ആർദ്രത നിറഞ്ഞതായിരുന്നു സുഗത കുമാരിയുടെ രചനകൾ ഓരോന്നും.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന കവി ബോധേശ്വരനിൽ നിന്നും പൈതൃകമായി ലഭിച്ച കാവ്യ പാരമ്പര്യത്തിനുടമയായിരുന്ന സുഗതകുമാരി മലയാള കവിതാശാഖയിൽ തന്റേതായ വഴികളിൽക്കൂടി സഞ്ചരിച്ചയാളാണ്. പുല്ലിനെയും, പുഴുവിനെയും ഒരേപോലെ സ്നേഹിച്ചിരുന്ന കവി അത്താണി നഷ്ടപ്പെട്ട പെൺജീവിതങ്ങളുടെ അഭയകേന്ദ്രം കൂടിയായിരുന്നു. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട പെൺജീവിതങ്ങളെ സുരക്ഷിതത്വത്തിന്റെ ചിറകിലൊതുക്കിയ അഭയ എന്ന സ്ഥാപനത്തിന്റെ സ്ഥാപകയുമായിരുന്ന സുഗതകുമാരി ഉപേക്ഷിക്കപ്പെടുന്ന നിരാലംബരുടെ ആശ്രയവും അത്താണിയുമായിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ, സൈലന്റ് വാലി സംരക്ഷണ സമിതി നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
പ്രകൃതി ചൂഷണത്തിനെതിരെ നിരന്തരംകലഹിച്ചു കൊണ്ടിരുന്ന കവയിത്രിയാണ് സുഗതകുമാരി. സൈലന്റ് വാലി പദ്ധതിക്കെതിരെ സുഗതകുമാരിയുടെ നേതൃത്വത്തിൽ നടത്തിയ തുടർപ്രക്ഷോഭങ്ങളാണ് സൈലന്റ് വാലിയെന്ന നിത്യഹരിത വനത്തെ രക്ഷിച്ചതെന്ന് ചരിത്രം. മണ്ണെടുപ്പ് മൂലം, കുന്നുകളും, മണലൂറ്റൽ മൂലം പുഴകളും നേരിട്ട പ്രകൃതി നാശത്തിൽ ഏറെ ഖിന്നയായാണ് പ്രകൃതിയുടെ പാട്ടുകാരി ജീവിതത്തിന്റെ കളിയരങ്ങിൽ നിന്നും വേഷമഴിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ സരസ്വതി സമ്മാൻ, പത്മശ്രീ ബഹുമതി, കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾക്കർഹയായ സുഗതകുമാരി ടീച്ചർ ആരോടും പരിഭവമില്ലാത്ത സവിശേഷ വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു. കവയിത്രി ബാലാമണിയമ്മയ്ക്ക് ശേഷം മലയാള കവിതാശാഖയിൽ സൗമ്യവും, മധുരവും, മാതൃഭാവം തുളുമ്പുന്നതുമായ കവിതകൾ രചിച്ച കവയിത്രി കൂടിയാണ് സുഗതകുമാരി ടീച്ചർ. മനുഷ്യ നന്മകൾ വറ്റിപ്പോയ കെട്ടകാലത്തിനോട് ഇനിയീ മനസ്സിൽ കവിതയില്ലെന്നും, കിനാക്കളും, പൂക്കളും മഴയും പ്രഭാതവും ബാക്കിയില്ലെന്നും ഉറക്കെ പരിഭവിച്ച കവയിത്രി ജീവിതത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് മറഞ്ഞതോടെ ബാക്കിയായത് കവിതയിൽ അവർ പരത്തിയ ചന്ദനസുഗന്ധമാണ്.