ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഉക്രൈൻ യുദ്ധം കാരണം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസം. പഠനം തുടരാനുള്ള യുക്രൈന്‍ സര്‍വ്വകലാശാലകളുടെ ബദല്‍ നിര്‍ദേശം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അംഗീകരിച്ചു. ഇത് പ്രകാരം, വിദ്യാർത്ഥികൾക്ക് ഉക്രൈയിന് പുറത്തുള്ള മറ്റ് രാജ്യങ്ങളിൽ അവരുടെ പഠനം തുടരാൻ കഴിയും.
ഉക്രൈനിലെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികളായി തുടര്‍ന്ന് മറ്റ് രാജ്യത്ത് പഠനം പൂര്‍ത്തിയാക്കാം എന്ന സാധ്യതയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. ഇപ്പോൾ പഠിക്കുന്ന സർവകലാശാലകളാണ് ഇതിനുള്ള സൗകര്യം ഒരുക്കുക. എന്നാൽ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇക്കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മീഷന്‍റെ അംഗീകാരം ആവശ്യമായിരുന്നു. ഇതോടെ പുതിയ സെമസ്റ്ററിൽ നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാനും പഠനം തുടരാനും വിദ്യാർത്ഥികൾക്ക് കഴിയും.
ഉക്രൈൻ നിർദ്ദേശിച്ച അക്കാദമിക് മൊബിലിറ്റി പദ്ധതിക്ക് അനുമതി നൽകേണ്ടതില്ലെന്ന് മെഡിക്കൽ കമ്മിഷൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ, യുദ്ധം കാരണം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ 20,000 ത്തോളം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായി. ഇതോടെ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും സുപ്രീം കോടതിയെ സമീപിച്ചു. ഇതേ തുടർന്നാണ് വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് മെഡിക്കൽ കൗൺസിൽ അക്കാദമിക് മൊബിലിറ്റി പദ്ധതിക്ക് അംഗീകാരം നൽകിയത്.