തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് ട്യൂട്ടോറിയൽ അധ്യാപകന്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം: അനുവാദമില്ലാതെ ട്യൂഷൻ ക്ലാസിൽ കയറിയതിന് ബാലരാമപുരത്ത് വിദ്യാർത്ഥിക്ക് ട്യൂട്ടോറിയൽ അധ്യാപകന്റെ മർദ്ദനം. വെങ്ങാനൂർ ചാവടിനട ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ശിവദത്തിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ട്യൂട്ടോറിയൽ അധ്യാപകനും സി.പി.എം വെങ്ങാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ രാജയ്യനെതിരെ പൊലീസ് കേസെടുത്തു.

വെങ്ങാനൂർ മോഡൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് ശിവദത്ത്. സുഹൃത്തിന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങാൻ നേരത്തെ ട്യൂഷന് പോയിരുന്ന യൂണിയൻ ട്യൂട്ടോറിയലിലെത്തിയപ്പോഴാണ് ശിവദത്തിന് മർദ്ദനമേറ്റത്. ട്യൂട്ടോറിയലിൽ പഠിക്കാത്ത ആരും അവിടെ കയറരുതെന്ന് ആക്രോശിച്ചായിരുന്നു അധ്യാപകൻ ശിവദത്തിനെ മർദ്ദിച്ചത്.

ശിവദത്ത് ആറാം ക്ലാസ് വരെ ഇവിടെ ട്യൂഷൻ പഠിച്ചിരുന്നു. ഇന്നലെ അടുത്തുള്ള സ്കൂളിൽ പഠിക്കുന്ന സഹോദരിയെ കാണാൻ വന്നപ്പോൾ ട്യൂട്ടോറിയലിൽ പഠിക്കുന്ന സുഹൃത്തിനെ ഏൽപ്പിച്ച ബാഗ് വാങ്ങാനെത്തിയപ്പോഴാണ് മർദ്ദനമേറ്റത്. ഈ സമയത്ത് ശിവദത്തിനൊപ്പം സഹോദരിയും ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് അവശനിലയിലായ ശിവദത്ത് ആശുപത്രിയിൽ ചികിത്സ തേടി. കുടുംബം ബാലരാമപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ രാജയ്യൻ നേരത്തെ മറ്റൊരു വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലും പ്രതിയാണ്.
 

Read Previous

കാണുന്നവർക്കെല്ലാം അംഗത്വം നൽകുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്ന് എംവി ഗോവിന്ദൻ 

Read Next

വെബ് സീരിസിലെ അശ്ലീല രംഗങ്ങള്‍; നിര്‍മ്മാതാവ് ഏക്താ കപൂറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം