ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചന്തേര: പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരെ പട്ടിപ്പട്ടാളം വളഞ്ഞുവെച്ച് കുരച്ചു ചാടുന്നു. ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽ അമ്പതോളം തെരുവു പട്ടികൾ സ്വൈര്യവിഹാരം നടത്തുകയാണ്. നാട്ടിലുള്ള മുഴുവൻ തെരുവു പട്ടികളും രാപ്പകൽ കിടന്നുറങ്ങുന്നത് പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച തൊണ്ടിമുതലുകളായ വാഹനങ്ങളുടെ അടിയിലാണ്. മഴകൊള്ളില്ല, വെയിൽ ഏൽക്കില്ല.
പോലീസ് സ്റ്റേഷനിലേക്ക് നിത്യവും ഹോട്ടലിൽ നിന്ന് കൊണ്ടുവരുന്ന പാർസൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കൂടി സുഭിക്ഷമായി കിട്ടാൻ തുടങ്ങിയതോടെ തെരുവു പട്ടികൾ തടിച്ചു കൊഴുത്ത് കുട്ടപ്പൻമാരായി പരാതിക്കാർക്ക് നേരെ ചാടി വീഴുന്നു. പുലർകാലം സ്റ്റേഷന് മുന്നിലുള്ള നിരത്തിലൂടെ സവാരിക്കിറങ്ങുന്നവർക്ക് നേരെയും കാക്കിയുടെ ബലത്തിൽ പട്ടികൾ കുരച്ചു ചാടുന്നു.
തെരുവു പട്ടികളെ വന്ധീകരിക്കേണ്ട ചുമതലയുള്ള പിലിക്കോട് ഗ്രാമപഞ്ചായത്ത് അധികൃതരും പട്ടികൾ പെറ്റു പെരുകുന്നതിൽ തികഞ്ഞ മൗനത്തിലാണ്. പട്ടികളെ നിയന്ത്രിക്കാൻ പോലീസും പഞ്ചായത്തും, സ്ഥലം വാർഡ് മെമ്പറും ഇടപെടുന്നില്ലെങ്കിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് ജനങ്ങൾ.