തെരുവ് നായ ശല്യം; മന്ത്രി എംബി രാജേഷും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുമായി ഇന്ന് യോഗം നടത്തും

തിരുവനന്തപുരം: തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാനായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷിന്‍റെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന്. വാക്സിനേഷൻ, മാലിന്യ നീക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. വൈകിട്ടു മൂന്നിന് ഓൺലൈനായാണ് യോഗം ചേരുക. ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ മലിന്യനീക്കത്തിന് അടിയന്തര നടപടികൾ എടുക്കാൻ തീരുമാനിച്ചിരുന്നു.
പേവിഷബാധ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകൾക്ക് സെപ്റ്റംബർ 20 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വാക്സിനേഷൻ യജ്ഞം നടപ്പാക്കും. തെരുവുകളിൽനിന്നു നായകളെ മാറ്റുന്നതിനു ഷെൽട്ടറുകൾ തുറക്കാനും ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനിച്ചിരുന്നു. തെരുവുനായ ശല്യം പൂർണമായി ഇല്ലാതാക്കാൻ അടിയന്തര, ദീർഘകാല പരിപാടികൾ നടപ്പാക്കുമെന്ന് യോഗ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി എംബി രാജേഷ് പറഞ്ഞിരുന്നു.
നായയുടെ കടിയേൽക്കുന്നവർക്കു പേവിഷബാധയുണ്ടാകുന്ന സാഹചര്യം പൂർണമായി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണു വിപുലമായ വാക്സിനേഷൻ യജ്ഞം നടപ്പാക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയാണു ഡ്രൈവ്. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കു പ്രത്യേക വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ അനുമതി നൽകും. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ള ആളുകളെ ഉപയോഗിച്ചാകും ഡ്രൈവ് ആരംഭിക്കുക. തുടർന്നു കൂടുതൽ പേർക്കു പരിശീലനം നൽകും.

Read Previous

യു.എ.ഇയിൽ വിദേശികൾക്ക് റിമോട്ട് വർക്ക് വിസ

Read Next

ആവിക്കല്‍തോട് സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ച പ്രസ്താവന പിന്‍വലിക്കണം; കോഴിക്കോട് ഖാദി